ശ്രീനഗർ: ശ്രീനഗർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് അമേരിക്കൻ പൗരന്മാരെ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. വിമാനം പുറപ്പെടുന്നതിന് മുൻപുള്ള പതിവ് സുരക്ഷാ പരിശോധനയ്ക്കിടെ ഇവരുടെ കൈവശം സാറ്റലൈറ്റ് ഫോൺ കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി (US Citizens Detained Srinagar Airport). കശ്മീർ പോലുള്ള അതീവ സുരക്ഷാ മേഖലകളിൽ ഇത്തരം ഉപകരണങ്ങൾ കൈവശം വെക്കുന്നതിന് ഇന്ത്യയിൽ കർശന നിയന്ത്രണങ്ങളുണ്ട്. കസ്റ്റഡിയിലായവരിൽ ഒരാൾ അമേരിക്കയിലെ മൊണ്ടാന സ്വദേശിയായ ജിയോഫ്രി സ്കോട്ട് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ ലഗേജിൽ നിന്നാണ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ഉപകരണം കണ്ടെത്തിയത്.
സാറ്റലൈറ്റ് ഫോൺ കൈവശം വെക്കാൻ ആവശ്യമായ മുൻകൂർ അനുമതി ഇവർക്കുണ്ടോ എന്നറിയാൻ പ്രാദേശിക പൊലീസും രഹസ്യാന്വേഷണ ഏജൻസികളും ഇവരെ ചോദ്യം ചെയ്തുവരികയാണ്. കശ്മീർ താഴ്വരയിൽ ഇവർ എവിടെയൊക്കെ യാത്ര ചെയ്തു എന്നും അധികൃതർ പരിശോധിക്കുന്നുണ്ട്. ഇന്ത്യയിൽ സർക്കാരിന്റെ അനുമതിയില്ലാതെ സാറ്റലൈറ്റ് ഫോണുകൾ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. ഇന്ത്യൻ ടെലിഗ്രാഫ് നിയമപ്രകാരം അനുമതിയില്ലാത്ത ഇത്തരം ഉപകരണങ്ങൾ കണ്ടുകെട്ടാനും ശിക്ഷാനടപടികൾ സ്വീകരിക്കാനും വ്യവസ്ഥയുണ്ട്. രേഖകളും ഫോൺ കൈവശം വെച്ചതിന്റെ കൃത്യമായ ഉദ്ദേശ്യവും പരിശോധിച്ച ശേഷം മാത്രമേ ഇവർക്കെതിരെ കേസെടുക്കുന്നത് ഉൾപ്പെടെയുള്ള തുടർനടപടികൾ ഉണ്ടാവുകയുള്ളൂ എന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Summary: Two American citizens, including Geoffrey Scott from Montana, were detained at Srinagar International Airport after a satellite phone was discovered in their luggage during a routine pre-flight check. Possession of satellite phones is strictly regulated in India, especially in sensitive regions like Kashmir. Local police and intelligence agencies are currently questioning the individuals to verify permits and investigate their travel history within the valley. Official charges are yet to be filed pending further verification of documents and intent.

