ചെന്നൈ: വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് വിഭജനത്തെച്ചൊല്ലി ഡിഎംകെ സഖ്യത്തിൽ ഭിന്നത രൂക്ഷമാകുന്നു. ആറ് സീറ്റുകൾ നൽകിയില്ലെങ്കിൽ സഖ്യം വിട്ട് തനിച്ച് മത്സരിക്കാനാണ് സിപിഎം സംസ്ഥാന സമിതിയുടെ തീരുമാനം. ഡിഎംകെ മുന്നോട്ടുവെച്ച അഞ്ച് സീറ്റുകൾ എന്ന വാഗ്ദാനം പാർട്ടി തള്ളി.(Tamil Nadu elections, CPM to contest alone if it doesn’t get 6 seats)
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ച 6 സീറ്റുകളെങ്കിലും നിലനിർത്തണമെന്ന ഉറച്ച നിലപാടിലാണ് സിപിഎം. അഞ്ച് സീറ്റുകൾ മാത്രം നൽകാമെന്ന ഡിഎംകെയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കി. ഡിഎംകെ ഓഫർ ചെയ്ത അഞ്ച് സീറ്റുകൾ സ്വീകരിച്ച് സിപിഐ ഇതിനകം കരാറിൽ ഒപ്പിട്ടു കഴിഞ്ഞു.
ഇത് ഒരു സീറ്റ് കുറവാണെങ്കിലും സഖ്യത്തിന്റെ കെട്ടുറപ്പിനായി വിട്ടുവീഴ്ച ചെയ്യുകയായിരുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി എം. വീരപാണ്ഡ്യൻ അറിയിച്ചു. സഖ്യത്തിലെ പ്രധാന കക്ഷിയായ കോൺഗ്രസ് 28 സീറ്റുകൾ നേടിയെടുത്തത് മറ്റ് പാർട്ടികൾക്ക് തങ്ങളുടെ വിഹിതം കുറയുമോ എന്ന ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

