നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കോക്‌റോച്ച് ജനത പാർട്ടി (CJP) നടത്തുന്ന പ്രതിഷേധം ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ നൂറുകണക്കിന് പ്രവർത്തകരാണ് പ്രതിഷേധിക്കുന്നത്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രവർത്തകർ പ്രധാനമന്ത്രിക്ക് പോസ്റ്റ് കാർഡുകൾ അയച്ചു. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവ് ആനി രാജ ഉൾപ്പെടെയുള്ളവർ സമരത്തിന് ഐക്യദാർഢ്യവുമായി വേദിയിലെത്തി.
പ്രതിഷേധത്തിന് പിന്തുണയുമായി ലഡാക്ക് അവകാശ പ്രവർത്തകൻ സോനം വാങ്ചുക്കും രംഗത്തെത്തി. ശനിയാഴ്ചയ്ക്കകം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചില്ലെങ്കിൽ ഞായറാഴ്ച മുതൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. നീറ്റ് പരീക്ഷാ നടത്തിപ്പിലെ വീഴ്ചകൾക്കും ക്രമക്കേടുകൾക്കും ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി രാജി വെക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. രാജ്യവ്യാപകമായി ഉയരുന്ന പ്രതിഷേധം കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
Summary: The protest by the Cockroach Janata Party (CJP) against the NEET examination irregularities has entered its sixth day, with activists demanding the resignation of Union Education Minister Dharmendra Pradhan. Demonstrators at Jantar Mantar sent thousands of postcards to the Prime Minister as part of their campaign. Ladakh-based activist Sonam Wangchuk has extended his support to the cause, issuing an ultimatum that he will commence an indefinite hunger strike starting Sunday if the Minister does not step down by Saturday.

