മുംബൈ: രാജസ്ഥാൻ റോയൽസുമായുള്ള ദീർഘകാല ബന്ധം അവസാനിപ്പിച്ച് ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് ചേക്കേറിയത് തന്റെ കരിയറിലെ വലിയൊരു റിസ്ക് ആയിരുന്നുവെന്ന് സഞ്ജു സാംസൺ. 18 കോടി രൂപയ്ക്കുള്ള വമ്പൻ ട്രേഡിലൂടെയാണ് 2026 ഐപിഎൽ സീസണിന് മുന്നോടിയായി സഞ്ജു ചെന്നൈയിലെത്തിയത്. ഇതിനുപകരമായി രവീന്ദ്ര ജഡേജയെയും സാം കറനെയും രാജസ്ഥാൻ സ്വന്തമാക്കുകയായിരുന്നു.(Sanju Samson Reveals Reason For Leaving Rajasthan Royals And MS Dhoni Support At CSK)
ടീം മാറ്റത്തെക്കുറിച്ചും ചെന്നൈയിലെ തുടക്കത്തിലെ തിരിച്ചടികളെക്കുറിച്ചുമാണ് സഞ്ജു മനസ് തുറന്നത്. 2025 സീസൺ രാജസ്ഥാനൊപ്പമുള്ള അവസാനത്തേതായിരിക്കുമെന്ന് ഉറപ്പിച്ചിരുന്നു. കുടുംബവുമായി ആഴ്ചകളോളം ചർച്ച ചെയ്ത ശേഷമാണ് വീണ്ടും പൂജ്യത്തിൽ നിന്ന് പുതിയൊരു യാത്ര ആരംഭിക്കാൻ തീരുമാനിച്ചത്. ചേപ്പോക്കിലെ മന്ദഗതിയിലുള്ള പിച്ചിൽ തന്റെ ബാറ്റിംഗ് ശൈലി വിജയിക്കില്ലെന്ന് പലരും പറഞ്ഞെങ്കിലും, 30-ാം വയസ്സിൽ പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ താൻ തയ്യാറാവുകയായിരുന്നു.
ഇന്ത്യക്ക് ട്വന്റി20 ലോകകപ്പ് നേടിക്കൊടുത്ത മികവിൽ ചെന്നൈയിലെത്തിയ സഞ്ജുവിന് ആദ്യ മൂന്ന് മത്സരങ്ങളിലും ഒറ്റയക്കത്തിൽ പുറത്താകേണ്ടി വന്നു. ടീം തുടർച്ചയായി തോൽക്കുകയും ചെയ്തതോടെ മാനസികമായി സമ്മർദ്ദത്തിലായ സമയത്താണ് എം.എസ്. ധോണി തുണയ്ക്കെത്തിയത്. “ആദ്യ മൂന്ന് മത്സരങ്ങൾക്ക് ശേഷം പരിശീലനത്തിനിടെ മഹി ഭായ് എന്നെ അടുത്ത് വിളിച്ച് ‘സുഖമാണോ’ എന്ന് ചോദിച്ചു. ഞാൻ ചെറിയ പരിഭ്രാന്തിയോടെ സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: ‘ഒരു കാര്യത്തിലും സംശയം വേണ്ട, നീ നിന്റെ സ്വാഭാവിക കളിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കൂ. എല്ലാം ശരിയാകും’. ആ വാക്കുകൾ എനിക്ക് വലിയൊരു പാഠമായിരുന്നു. തൊട്ടടുത്ത മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ഞാൻ പുറത്താകാതെ 115 റൺസ് നേടി” – സഞ്ജു ഓർത്തെടുത്തു. തുടക്കത്തിലെ തിരിച്ചടികൾക്ക് ശേഷവും സഞ്ജുവിൽ മാനേജ്മെന്റും ടീമംഗങ്ങളും കാണിച്ച വിശ്വാസം വലുതായിരുന്നു. 2026 സീസണിൽ 14 ഇന്നിംഗ്സുകളിൽ നിന്ന് രണ്ട് സെഞ്ചുറിയും ഒരു അർദ്ധസെഞ്ചുറിയും അടക്കം 477 റൺസാണ് സഞ്ജു ചെന്നൈക്കായി അടിച്ചുകൂട്ടിയത്.
Story Summary
Indian cricketer Sanju Samson opened up about the “huge risk” of leaving Rajasthan Royals to join Chennai Super Kings for Rs 18 crore in the IPL 2026 trade. Despite a rough start with three consecutive single-digit scores, Samson revealed how MS Dhoni’s calm advice helped him regain his confidence, leading to a brilliant unbeaten 115* against Delhi Capitals and a successful 477-run season.


