ന്യൂഡൽഹി: രാജ്യം മുഴുവൻ നടത്തിയ വ്യാപകമായ ഭീകരവിരുദ്ധ പരിശോധനയിൽ ജെയ്ഷെ സ്വാധീനമുള്ള ഭീകരരെ ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ തകർത്തു. മുംബൈയിൽ നിന്ന് രണ്ട് പേരെ അറസ്റ്റ് ചെയ്തു. റിമോട്ട് കൺട്രോൾഡ് ടോയ് കാറുകൾ ഉപയോഗിച്ച് ബോംബ് ആക്രമണങ്ങൾ നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നതായി പോലീസ് വെളിപ്പെടുത്തി.(Planning to attack with remote-controlled car bombs, 2 Jaish terrorists arrested in Delhi)
മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയുമായി ചേർന്ന് കുർളയിലും സമീപപ്രദേശമായ ഖദാവ്ലിയിലുമാണ് റെയ്ഡ് നടന്നത്. മൊസാബ് അഹമ്മദ് (കലാം), മുഹമ്മദ് ഹമദ് എന്നിവരാണ് അറസ്റ്റിലായത്. സ്ഫോടകവസ്തുക്കൾ നിർമ്മിക്കാനുള്ള ശ്രമത്തിലായിരുന്നു ഇവരെന്നും, പരിശോധനയിൽ വിദ്വേഷ സാഹിത്യങ്ങളും ചാറ്റുകളും ഉൾപ്പെടെയുള്ള നിർണ്ണായക രേഖകൾ കണ്ടെടുത്തതായും പോലീസ് അറിയിച്ചു.
“മിഷൻ ഖിലാഫത്ത്”, “സോൾജിയേഴ്സ് ഓഫ് ജിഹാദ്” തുടങ്ങിയ തീവ്രവാദി ഗ്രൂപ്പുകളിൽ ഇവർ അംഗങ്ങളായിരുന്നു. ജെയ്ഷെ മുഹമ്മദ് ബന്ധമുള്ള അബു ഹുഫൈസ എന്ന വ്യക്തിയുമായി ഇവർക്ക് സമ്പർക്കമുണ്ടായിരുന്നു. ടെലിഗ്രാം വഴി ഐഎസ് റിക്രൂട്ടറായി ചമഞ്ഞാണ് ഇയാൾ ഇവരെ സ്വാധീനിച്ചത്. കുർള, ശിവാജി നഗർ, ഗോവണ്ടി മേഖലകളിൽ നിന്നുള്ള ചില യുവാക്കൾ നിരോധിത ഭീകര സംഘടനകളുമായി ബന്ധം പുലർത്തുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇവരുടെ മൊബൈൽ ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. മുംബൈയിൽ നിന്നുള്ള നാലോ അഞ്ചോ പ്രായപൂർത്തിയാവാത്ത കുട്ടികളും ഇത്തരത്തിൽ ഐഎസ് ആശയങ്ങളിൽ സ്വാധീനിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഇവരെ നിലവിൽ നിരീക്ഷിച്ചുവരികയാണ്.
കഴിഞ്ഞ ദിവസം യുപിയിലെ കുശിനഗറിൽ നിന്ന് സ്പെഷ്യൽ സെൽ പിടികൂടിയ റിസ്വാൻ എന്നയാളും ഇതേ സംഘത്തിന്റെ ഭാഗമാണെന്ന് പോലീസ് കണ്ടെത്തി. 2015 മുതൽ ഐഎസ് ബന്ധമുള്ള റിസ്വാൻ മുമ്പ് തിഹാർ ജയിലിലും ആർതർ റോഡ് ജയിലിലും കഴിഞ്ഞിട്ടുണ്ട്. ജയിലിൽ വെച്ചാണ് ഇയാൾ പുതിയ ഭീകര മൊഡ്യൂളിനെ വളർത്തിയെടുത്തത്. ഇന്ത്യയിൽ ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിൽ ഇയാൾക്ക് പ്രധാന പങ്കുണ്ടായിരുന്നു.
ബംഗ്ലാദേശ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഷ്കർ-ഇ-ത്വയ്യിബ മൊഡ്യൂളിനെ അടുത്തിടെ പോലീസ് തകർത്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ കണ്ടെത്തൽ. 2025 മെയ് മാസത്തിൽ നടന്ന ‘ഓപ്പറേഷൻ സിന്ദൂർ’ വഴി അതിർത്തികടന്നുള്ള ഭീകരവാദ ശൃംഖലകൾ തകർത്തതിന് പിന്നാലെ, രാജ്യത്ത് പ്രതികാര ആക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെത്തുടർന്ന് സുരക്ഷാ ഏജൻസികൾ കനത്ത ജാഗ്രതയിലാണ്. സ്ലീപ്പർ സെല്ലുകളുടെ പ്രവർത്തനം തടയാനും ഇവരുടെ പിന്നിലെ ബുദ്ധികേന്ദ്രങ്ങളെ കണ്ടെത്താനുമുള്ള ശ്രമങ്ങൾ ഊർജിതമാക്കി.

