ചണ്ഡീഗഡ്: ആം ആദ്മി പാർട്ടിക്കുള്ളിലെ ആഭ്യന്തര ഭിന്നതകൾ പരസ്യമാകുന്നു. പഞ്ചാബിന്റെ പ്രശ്നങ്ങൾ പാർലമെന്റിൽ ഉന്നയിക്കുന്നതിൽ പരാജയപ്പെട്ടു എന്ന സ്വന്തം പാർട്ടിയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി രാജ്യസഭാ എംപി രാഘവ് ഛദ്ദ രംഗത്തെത്തി. താൻ പാർലമെന്റിൽ നടത്തിയ പ്രസംഗങ്ങളുടെ വീഡിയോ സമാഹാരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം പാർട്ടി നേതൃത്വത്തിന് മറുപടി നൽകിയത്.(Picture abhi baki hai, Raghav Chadha’s reply to AAP leadership)
തനിക്കെതിരെ ആസൂത്രിതമായ പ്രചാരണം നടക്കുകയാണെന്ന് ചദ്ദ ആരോപിച്ചു. “പാർലമെന്റിൽ രാഘവ് ഛദ്ദ പഞ്ചാബിന്റെ വിഷയങ്ങൾ ഉന്നയിക്കുന്നില്ല എന്ന് വീഡിയോകളിലൂടെ പറയാൻ നിർബന്ധിതരായ എന്റെ സഹപ്രവർത്തകർക്കായി ഇതാ ഒരു ചെറിയ ട്രെയിലർ; ‘പിക്ചർ അബി ബാക്കി ഹേ’. പഞ്ചാബ് എനിക്ക് വെറുമൊരു ചർച്ചാവിഷയമല്ല, അത് എന്റെ വീടാണ്, എന്റെ കടമയാണ്, എന്റെ മണ്ണാണ്, എന്റെ ആത്മാവാണ്,” – അദ്ദേഹം കുറിച്ചു.
മൊബൈൽ പ്ലാനുകളുടെ കാലാവധി, വായുമലിനീകരണം, വിമാനയാത്രാ നിരക്ക് വർദ്ധന തുടങ്ങിയ വിഷയങ്ങളിൽ താൻ നടത്തിയ ഇടപെടലുകൾ വീഡിയോയിലൂടെ അദ്ദേഹം ചൂണ്ടിക്കാട്ടി. പഞ്ചാബിലെ എഎപി നേതൃത്വം നേരത്തെ അദ്ദേഹത്തിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു.

