ന്യൂഡൽഹി: നീറ്റ് യു.ജി (NTA official sacked neet ug controversy) പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തുന്നതിനിടെ നാഷണൽ ടെസ്റ്റിങ് ഏജൻസിയിൽ (NTA) വൻ അഴിച്ചുപണി നടത്തി കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി ഡെപ്യൂട്ടേഷനിലുണ്ടായിരുന്നവർ ഉൾപ്പെടെ 47 ഉദ്യോഗസ്ഥരെ ഏജൻസിയിൽ നിന്ന് ഉടനടി പിരിച്ചുവിട്ടു. എന്‍.ടി.എ രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ അച്ചടക്ക നടപടിയാണിത്.
പുറത്താക്കപ്പെട്ട ഉദ്യോഗസ്ഥരിൽ ചിലർക്കെതിരെ ഗുരുതരമായ അച്ചടക്ക നടപടികളും തുടരന്വേഷണങ്ങളും ഉണ്ടായേക്കുമെന്നാണ് എൻ.ടി.എ വൃത്തങ്ങൾ നൽകുന്ന സൂചന. വെറും വ്യക്തിഗത മാറ്റങ്ങൾക്കപ്പുറം എൻ.ടി.എയുടെ ഘടനയിലും പ്രവർത്തന ശൈലിയിലും കാതലായ മാറ്റങ്ങൾ വരുത്താനാണ് ഭരണകൂടത്തിന്റെ തീരുമാനം. പരീക്ഷാ നടത്തിപ്പിലെ സുതാര്യതയും സുരക്ഷയും പൂർണ്ണമായി ഉറപ്പാക്കുക എന്നതായിരിക്കും ഇതിലൂടെ പ്രാഥമിക പരിഗണന നൽകുക.
കേന്ദ്ര സർക്കാർ മുൻപ് നിയോഗിച്ച വിദഗ്ധസമിതി സമർപ്പിച്ച നിർണ്ണായക ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ഈ കൂട്ടനടപടി. ഇതിന്റെ തുടർച്ചയായി കൂടുതൽ സുരക്ഷിതമായ പുതിയ പരീക്ഷാ സംവിധാനം ഒരുക്കാനും കേന്ദ്രം ലക്ഷ്യമിടുന്നുണ്ട്. ഇതനുസരിച്ച്, പരീക്ഷാ കേന്ദ്രങ്ങളുടെ നടത്തിപ്പും സാങ്കേതിക സൗകര്യങ്ങളും സ്വകാര്യ ഏജൻസികൾക്ക് പുറംകരാർ നൽകുന്ന (Outsourcing) നിലവിലെ രീതിയിൽ വലിയ നിയന്ത്രണങ്ങൾ വരും.
ഉത്തരവാദിത്വം വർദ്ധിപ്പിക്കാനും പരീക്ഷാ നടത്തിപ്പിലെ വിവരച്ചോർച്ചയും സാങ്കേതിക പിഴവുകളും പൂർണ്ണമായി ഒഴിവാക്കാനും ഈ പരിഷ്കാരങ്ങൾ സഹായിക്കുമെന്നാണ് വിലയിരുത്തൽ. നീറ്റ് യു.ജിക്ക് പുറമെ ജെ.ഇ.ഇ മെയിൻ (JEE Main), സി.യു.ഇ.ടി (CUET) തുടങ്ങി ഇന്ത്യയിലെ പ്രധാനപ്പെട്ട ഇരുപതോളം ദേശീയതല പരീക്ഷകൾ നടത്തുന്നത് എൻ.ടി.എ ആണ്. വരും ദിവസങ്ങളിൽ ഏജൻസിയുടെ മേൽനോട്ടത്തിലും ബോർഡ് ഘടനയിലും കൂടുതൽ നിർണ്ണായക തീരുമാനങ്ങൾ ഉണ്ടാകും.
Story Summary: In a major overhaul following the NEET-UG paper leak controversy, the Central Government sacked 47 officials from the National Testing Agency (NTA) based on recommendations from an expert committee, promising systemic reforms to improve exam transparency.


