ചിക്കമംഗളൂരു: നാല് ദിവസത്തെ കാത്തിരിപ്പിനും പ്രാർത്ഥനകൾക്കും വിരാമം. ചിക്കമംഗളൂരുവിൽ കാണാതായ മലയാളി പെൺകുട്ടി ശ്രീനന്ദയുടെ (15) മൃതദേഹം 1500 അടി താഴ്ചയിലുള്ള കൊക്കയിൽ നിന്നാണ് കണ്ടെത്തിയിരിക്കുന്നത്. പാലക്കാട് കടമ്പഴിപ്പുറം സ്വദേശിയുടെ മകളാണ് ശ്രീനന്ദ. വെള്ളിയാഴ്ച ഉച്ചയോടെയാണ് മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപത്തെ ഗർത്തത്തിൽ നിന്ന് മൃതദേഹം ലഭിച്ചത്.(Missing for 4 days, drones could not find her, Sreenanda’s mysterious demise)
കുടുംബാംഗങ്ങളടക്കം 40 പേരടങ്ങുന്ന സംഘത്തോടൊപ്പമാണ് ശ്രീനന്ദ ബാബാബുഡാൻ ഗിരിയിലെത്തിയത്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് കുട്ടിയെ കാണാതാകുന്നത്. കർണാടക സർക്കാരിന്റെ പ്രത്യേക ടാസ്ക് ഫോഴ്സ്, ഫയർഫോഴ്സ്, പോലീസ്, നാട്ടുകാർ എന്നിവരടങ്ങുന്ന നൂറോളം പേരാണ് വെള്ളിയാഴ്ച തിരച്ചിലിൽ പങ്കെടുത്തത്. ഡ്രോണുകൾ ഉപയോഗിച്ചും കേരള പോലീസിന്റെ സഹായത്തോടെയും കഴിഞ്ഞ ദിവസങ്ങളിൽ പരിശോധന നടത്തിയിരുന്നു.
ബാബാബുഡാൻ ഗിരിയുടെ താഴ്വാരത്ത് നിന്ന് മുകളിലേക്ക് നടത്തിയ പരിശോധനയിലാണ് 1500 അടി താഴ്ചയിൽ മൃതദേഹം കണ്ടെത്തിയത്. ജില്ലാ കളക്ടറും പോലീസ് മേധാവിയും സ്ഥലത്തെത്തി നടപടികൾക്ക് നേതൃത്വം നൽകി. മൃതദേഹം കണ്ടെത്തിയെങ്കിലും സംഭവത്തിൽ ശക്തമായ ദുരൂഹതയുണ്ടെന്നാണ് ശ്രീനന്ദയുടെ കുടുംബം പറയുന്നത്. കാണാതായ സമയത്ത് തന്നെ മൃതദേഹം കണ്ടെത്തിയ കൊക്കയിൽ പരിശോധന നടത്തിയിരുന്നുവെന്നും അന്ന് അവിടെ ആരെയും കണ്ടിരുന്നില്ലെന്നും കുടുംബം പറയുന്നു.
മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമില്ലെന്നാണ് കണ്ടുനിന്നവർ പറയുന്നതെന്ന് ഇവർ ആരോപിച്ചു. കുട്ടി തനിയെ അങ്ങോട്ടേക്ക് പോകാൻ സാധ്യതയില്ലെന്നും കുടുംബം പറഞ്ഞു. പോലീസ് നായ മണം പിടിച്ചു ചെന്നത് ഒരു കടയ്ക്ക് അടുത്തേക്കാണ്. എന്നാൽ കടയുടമയെ ചോദ്യം ചെയ്യാനോ പ്രാദേശികമായി അന്വേഷണം നടത്താനോ പോലീസ് തയ്യാറായില്ലെന്നും കുടുംബം കുറ്റപ്പെടുത്തി. ദുരൂഹതകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ മൃതദേഹം മുകളിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. സന്തോഷത്തോടെ തുടങ്ങിയ ഒരു വിനോദയാത്ര ദുരന്തത്തിൽ അവസാനിച്ചതിന്റെ നടുക്കത്തിലാണ് ശ്രീനന്ദയുടെ കുടുംബവും കടമ്പഴിപ്പുറം ഗ്രാമവും.

