ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് നായകനായ ‘ജനനായകൻ’ സിനിമയുടെ റിലീസിന് മദ്രാസ് ഹൈക്കോടതിയുടെ അനുമതിയില്ല. സിംഗിൾ ബെഞ്ചിന്റെ മുൻ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ഡിവിഷൻ ബെഞ്ചിന്റെ പുതിയ വിധി.(Heavy blow to Vijay, Madras High Court does not allow release of Jana Nayagan)
സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സെൻസർ ബോർഡ് നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് അംഗീകരിച്ചു. നിലവിലെ ഉത്തരവോടെ ചിത്രത്തിന്റെ റിലീസ് അനിശ്ചിതത്വത്തിലായി. കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി വീണ്ടും സിംഗിൾ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു.
വിജയുടെ രാഷ്ട്രീയ പ്രവേശനത്തിന് ശേഷമുള്ള ആദ്യ ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയിലായിരുന്ന ആരാധകർക്ക് ഈ കോടതി വിധി വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.
സെൻസർ ബോർഡ് (CBFC) നൽകിയ അപ്പീൽ പരിഗണിച്ചാണ് കോടതിയുടെ ഈ നിർണ്ണായക നീക്കം. ഇതോടെ ചിത്രത്തിന്റെ റിലീസ് വീണ്ടും അനിശ്ചിതത്വത്തിലായി. സിനിമയ്ക്ക് റിലീസ് അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. സെൻസർ ബോർഡിന്റെ ഭാഗം കേൾക്കാതെയാണ് മുൻപ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് കോടതി നിരീക്ഷിച്ചു.
എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ തങ്ങൾക്ക് മതിയായ സാവകാശം ലഭിച്ചില്ലെന്ന സിബിഎഫ്‌സിയുടെ വാദം കോടതി അംഗീകരിച്ചു. കേസ് വിശദമായ വാദത്തിനായി വീണ്ടും സിംഗിൾ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. ജനുവരി 9-ന് പൊങ്കൽ റിലീസ് ആയി നിശ്ചയിച്ചിരുന്ന ചിത്രം, സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെത്തുടർന്നാണ് നിയമപോരാട്ടത്തിലേക്ക് നീങ്ങിയത്.



