Description
Digital Voice of Kerala
Sunday, March 15, 2026

Digital Voice of Kerala
HomeNational'ഭർത്താവ് ഒന്നു തല്ലിയാൽ ക്രൂരതയാകില്ല, ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കൂടുതൽ തെളിവ് വേണം':...

‘ഭർത്താവ് ഒന്നു തല്ലിയാൽ ക്രൂരതയാകില്ല, ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കൂടുതൽ തെളിവ് വേണം’: ഗുജറാത്ത് ഹൈക്കോടതി | Husband hitting wife

🎙️ Latest Podcast

അഹമ്മദാബാദ്: കുടുംബജീവിതത്തിലെ ചെറിയ തർക്കങ്ങളോ ഭർത്താവിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഒറ്റപ്പെട്ട പ്രവൃത്തികളോ ആത്മഹത്യാ പ്രേരണാക്കുറ്റമായി കണക്കാക്കാനാവില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. ഭാര്യ സ്വന്തം വീട്ടിൽ ഒരു ദിവസം കൂടുതൽ താമസിച്ചതിന്റെ പേരിൽ ഭർത്താവ് അടിച്ചു എന്നത് ക്രൂരതയുടെ പരിധിയിൽ വരില്ലെന്ന് കോടതി നിരീക്ഷിച്ചു. 23 വർഷം മുൻപ് സെഷൻസ് കോടതി ശിക്ഷിച്ച പ്രതിയെ വെറുതെ വിട്ടുകൊണ്ടാണ് ജസ്റ്റിസ് ഗീത ഗോപിയുടെ ഈ നിരീക്ഷണം.(Husband hitting wife once is not cruelty, says Gujarat High Court)

തുടർച്ചയായ പീഡനവും തല്ലും മൂലം ജീവിതം അസഹനീയമായി എന്നതിന് വ്യക്തമായ തെളിവുണ്ടെങ്കിൽ മാത്രമേ ആത്മഹത്യാ പ്രേരണാക്കുറ്റം നിലനിൽക്കൂ. ദാമ്പത്യത്തിനിടയിലെ ചെറിയ വഴക്കുകൾ ഇതിന് ആധാരമാക്കാനാവില്ല. രാത്രിയിൽ വൈകിയെത്തിയതിനെ ഭാര്യ ചോദ്യം ചെയ്യുന്നതും തുടർന്ന് ദമ്പതികൾ തമ്മിൽ ശണ്ഠ കൂടുന്നതും ദാമ്പത്യ ജീവിതത്തിൽ അസാധാരണമല്ല. ഇത്തരം സംഭവങ്ങളെ ക്രിമിനൽ ക്രൂരതയായി കാണാനാവില്ലെന്നും കോടതി വ്യക്തമാക്കി.

ആത്മഹത്യയിലേക്ക് നയിക്കുന്ന തരത്തിൽ ഭർത്താവിൽ നിന്ന് തുടർച്ചയായ പീഡനം ഉണ്ടായെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് കോടതി ചൂണ്ടിക്കാട്ടി. 1996-ൽ വൽഡാഡിലെ പഹാഡ്പാഡയിൽ പ്രമീള എന്ന 23-കാരി തൂങ്ങിമരിച്ച സംഭവത്തിലാണ് ഭർത്താവ് ദിലീപ് വർളിയെ കോടതി വെറുതെ വിട്ടത്. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിലായിരുന്നു ആത്മഹത്യ. ഈ കേസിൽ 2003-ൽ സെഷൻസ് കോടതി ദിലീപിനെ ഏഴ് വർഷം തടവിന് ശിക്ഷിച്ചിരുന്നു. ഇതിനെതിരെ നൽകിയ അപ്പീലിലാണ് ഹൈക്കോടതി ഇപ്പോൾ വിധി പ്രസ്താവിച്ചത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.