ന്യൂഡൽഹി: വാട്സാപ്പ് വഴി വർധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ തടയുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച ഉന്നതാധികാര സമിതി കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. തട്ടിപ്പിനായി ഉപയോഗിക്കുന്ന മൊബൈൽ ഫോണുകളുടെയും മറ്റ് ഉപകരണങ്ങളുടെയും ഡിജിറ്റൽ ഐഡികൾ ബ്ലോക്ക് ചെയ്യാനുള്ള സംവിധാനം ഏർപ്പെടുത്തണമെന്നതാണ് പ്രധാന നിർദ്ദേശം. ഇതുവഴി ഒരു അക്കൗണ്ട് നിരോധിച്ചാലും അതേ ഫോൺ ഉപയോഗിച്ച് വീണ്ടും തട്ടിപ്പ് നടത്തുന്നത് തടയാനാകുമെന്ന് സർക്കാർ കണക്കുകൂട്ടുന്നു.(Government asks WhatsApp to block device IDs used in digital arrest scams
ഉപകരണങ്ങൾ ബ്ലോക്ക് ചെയ്യുന്നതിനുള്ള ടെക്‌നിക്കൽ പ്രൊജക്ട് 45 ദിവസത്തിനുള്ളിൽ സമർപ്പിക്കാൻ സമിതി വാട്സാപ്പിനോട് ആവശ്യപ്പെട്ടു. സ്കൈപ്പിന് സമാനമായി, വിളിക്കുന്നയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാനും സംശയകരമായ അക്കൗണ്ടുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകാനുമുള്ള ഫീച്ചറുകൾ കൊണ്ടുവരണം.
ആൻഡ്രോയിഡ് ഫോണുകളിൽ തട്ടിപ്പിനായി ഉപയോഗിക്കുന്ന അപകടകരമായ എപികെ ഫയലുകൾ തിരിച്ചറിയാനും തടയാനും സാങ്കേതികവിദ്യ ശക്തിപ്പെടുത്തണം. വാട്സാപ്പ് ഉപയോഗിക്കാൻ സജീവമായ സിം കാർഡ് നിർബന്ധമാക്കുന്ന ‘സിം ബൈൻഡിംഗ്’ സംവിധാനം അടുത്ത ഒന്നര മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് വാട്സാപ്പ് അറിയിച്ചു.
പോലീസിന്റെയോ മറ്റ് ഔദ്യോഗിക ഏജൻസികളുടെയോ ലോഗോകൾ പ്രൊഫൈൽ ചിത്രമായി ഉപയോഗിക്കുന്ന തട്ടിപ്പുകാരെ കണ്ടെത്താൻ നിലവിൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. സൈബർ തട്ടിപ്പുകൾക്കെതിരെയുള്ള അന്വേഷണങ്ങളിൽ കേന്ദ്രസർക്കാരുമായി പൂർണ്ണ സഹകരണം വാട്സാപ്പ് ഉറപ്പുനൽകി. നിയമപരമായ ആവശ്യങ്ങൾക്കായി ഡിലീറ്റ് ചെയ്യപ്പെട്ട അക്കൗണ്ടുകളുടെ വിവരങ്ങൾ കുറഞ്ഞത് 180 ദിവസമെങ്കിലും സൂക്ഷിച്ചു വെക്കാൻ കമ്പനി സമ്മതിച്ചു.

