HomeNationalആഗോള AI ഉച്ചകോടി: വീഴ്ചകളെ ന്യായീകരിച്ച് ശശി തരൂർ; നയരേഖ അംഗീകരിച്ച്...

ആഗോള AI ഉച്ചകോടി: വീഴ്ചകളെ ന്യായീകരിച്ച് ശശി തരൂർ; നയരേഖ അംഗീകരിച്ച് ലോകരാജ്യങ്ങൾ | Global AI Summit

ന്യൂഡൽഹി: ആഗോള എഐ ഉച്ചകോടിയിലെ സംഘാടന പിഴവുകളെ ന്യായീകരിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. വലിയ പരിപാടികൾ നടത്തുമ്പോൾ ചില ചെറിയ വീഴ്ചകൾ സ്വാഭാവികമാണെന്നും അവയെ പർവ്വതീകരിക്കേണ്ടതില്ലെന്നും തരൂർ പറഞ്ഞു. ഉച്ചകോടിയിലെ ജനപങ്കാളിത്തം ശ്രദ്ധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Global AI Summit, Shashi Tharoor defends lapses)

ഉച്ചകോടിയുടെ നടത്തിപ്പിനെ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും നിശിതമായി വിമർശിച്ചതിന് പിന്നാലെയാണ് തരൂരിന്റെ ഈ പ്രതികരണം എന്നത് ശ്രദ്ധേയമാണ്. ഉച്ചകോടിയുടെ പ്ലീനറി സെഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ ലോകനേതാക്കൾ അംഗീകരിച്ചു.

എഐയുടെ പ്രയോജനവും ലഭ്യതയും വികസ്വര രാജ്യങ്ങൾക്കും ലഭ്യമാണെന്ന് ഉറപ്പുവരുത്തണം. എഐ മേഖല എല്ലാവർക്കുമായി തുറന്നിടുമ്പോഴും അതിന്റെ നിയന്ത്രണം രാജ്യങ്ങളുടെ കൈവശമായിരിക്കണം. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കണം. എഐ നിർമ്മിത ഉള്ളടക്കങ്ങൾ തിരിച്ചറിയാനുള്ള സംവിധാനം നിർബന്ധമാക്കണം. വിവരങ്ങളുടെ ഉടമസ്ഥാവകാശം അതത് രാജ്യങ്ങൾക്കായിരിക്കണം എന്നിവയാണിവ.

കഴിഞ്ഞ തവണ ഫ്രാൻസിൽ നടന്ന ഉച്ചകോടിയിൽ എഐ ഉപയോഗത്തെക്കുറിച്ച് പ്രമുഖ രാജ്യങ്ങൾക്കിടയിൽ നിലനിന്നിരുന്ന ഭിന്നത ഇന്ത്യയിൽ വെച്ച് പരിഹരിക്കാനായി എന്നത് നയതന്ത്ര വിജയമായി കണക്കാക്കപ്പെടുന്നു. 20 രാഷ്ട്രത്തലവന്മാരും 45 മന്ത്രിമാരും ഉൾപ്പെടെ 119 രാജ്യങ്ങളിലെ പ്രതിനിധികളാണ് ഉച്ചകോടിയിൽ പങ്കെടുത്തത്. 140 കോടി ജനങ്ങളെ ഡിജിറ്റൽ നെറ്റ്‌വർക്കിലേക്ക് എത്തിച്ച ഇന്ത്യയുടെ നടപടിയെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ പ്രശംസിച്ചു. തരൂർ ഇന്ന് ഉച്ചകോടിയിൽ സംസാരിക്കും.

Clickable Info Box