ന്യൂഡൽഹി: മദ്യനയക്കേസിൽ സിബിഐക്ക് എതിരെ വിചാരണക്കോടതി നടത്തിയ രൂക്ഷമായ പരാമർശങ്ങൾ ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണം വേണമെന്ന നിർദ്ദേശം ഉൾപ്പെടെയുള്ളവയ്ക്കാണ് ഹൈക്കോടതി സ്റ്റേ നൽകിയത്. അരവിന്ദ് കെജ്‌രിവാൾ അടക്കമുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ ഉത്തരവിലായിരുന്നു വിചാരണക്കോടതി സിബിഐയെ വിമർശിച്ചത്.(Delhi liquor policy corruption case, High Court stays remarks against CBI)
ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന വിചാരണക്കോടതിയുടെ പരാമർശങ്ങൾ ഹൈക്കോടതി മരവിപ്പിച്ചു. സിബിഐ സമർപ്പിച്ച അപ്പീലിലാണ് ഈ നടപടി. സിബിഐ അപ്പീലിൽ അന്തിമ തീരുമാനം ആകുന്നത് വരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ വിചാരണക്കോടതി നടപടികളുമായി മുന്നോട്ട് പോകരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.
കെജ്‌രിവാൾ ഉൾപ്പെടെ കുറ്റവിമുക്തരാക്കപ്പെട്ട 21 പ്രതികൾക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. സിബിഐയുടെ അപ്പീലിൽ വിശദമായ മറുപടി നൽകാനാണ് കോടതി ആവശ്യപ്പെട്ടത്. കേസ് അടുത്ത തിങ്കളാഴ്ച കോടതി വീണ്ടും പരിഗണിക്കും.

