ന്യൂഡൽഹി: ഇടുക്കി വട്ടവടയിലെ ചിലന്തിയാർ ചെക്ക് ഡാം നിർമ്മാണത്തിന് തടസ്സമായി നിന്ന ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ട്രിബ്യൂണലിന്റെ ഇടപെടലിനെതിരെ സർക്കാർ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ നിർണ്ണായക നടപടി. ഇതോടെ പദ്ധതിയുമായി മുന്നോട്ട് പോകാൻ സംസ്ഥാനത്തിന് വഴിതെളിഞ്ഞു.(Chilandhiyar Check Dam, Supreme Court stays order; relief for state government)
ചെക്ക് ഡാം നിർമ്മാണ നടപടികൾ തടഞ്ഞ ഹരിത ട്രിബ്യൂണൽ ഉത്തരവ് സ്റ്റേ ചെയ്ത കോടതി, കേസിലെ എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചു. സംസ്ഥാന ചീഫ് സെക്രട്ടറി എസ്. ജയതിലക് മുഖേനയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. അന്തർസംസ്ഥാന നദീജല തർക്കങ്ങളിൽ ഇടപെടാൻ ദേശീയ ഹരിത ട്രിബ്യൂണലിന് അധികാരമില്ലെന്നായിരുന്നു കേരളത്തിന്റെ വാദം.
വട്ടവട പഞ്ചായത്തിലെ രൂക്ഷമായ ശുദ്ധജലക്ഷാമം പരിഹരിക്കാനാണ് ചെക്ക് ഡാം നിർമ്മിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായാണ് ഈ നിർമ്മാണം നടക്കുന്നത്.

