ഉത്തർപ്രദേശിലെ ബഹ്റൈച്ച് ജില്ലയിലുള്ള കതർനിയഘട്ട് വന്യജീവി സങ്കേതത്തിന് സമീപം കാട്ടാനയുടെ ആക്രമണത്തിൽ 80 വയസ്സുകാരി കൊല്ലപ്പെട്ടു. ഭവാനിപൂർ ഗ്രാമവാസിയായ കുവാരിയ ദേവിയാണ് കഴിഞ്ഞ ഞായറാഴ്ച രാവിലെ കൊലചെയ്യപ്പെട്ടത് (Bahraich Elephant Attack). കഴിഞ്ഞ ഒരു മാസത്തിനിടെ ഈ മേഖലയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെ വ്യക്തിയാണിതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
വനത്തിന് സമീപം ആടുകളെ മേയ്ക്കുന്നതിനിടെ കൂട്ടംതെറ്റി ഉൾവനത്തിലേക്ക് കയറിപ്പോയ ഒരു ആടിനെ അന്വേഷിച്ച് പോയതായിരുന്നു കുവാരിയ ദേവി. ഈ സമയത്താണ് കാട്ടാന ഇവരെ ആക്രമിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തത്. വയോധികയുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപത്തെ കർഷകർ ബഹളം വെച്ചും പടക്കം പൊട്ടിച്ചും ആനയെ ഓടിക്കാൻ ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നു. ആക്രമണത്തിന് ശേഷം ഏറെ നേരം സംഭവസ്ഥലത്ത് തന്നെ നിലയുറപ്പിച്ച ആന പിന്നീട് കാട്ടിലേക്ക് മടങ്ങി.
ഈ കൊലയാളി ആന അന്ന് രാവിലെ തന്നെ സമീപത്തെ കൃഷിയിടങ്ങളിൽ വലിയ തോതിൽ നാശനഷ്ടങ്ങൾ വരുത്തിയിരുന്നതായി ഗ്രാമവാസികൾ പറഞ്ഞു. പ്രദേശത്ത് തുടർച്ചയായി ഉണ്ടാകുന്ന വന്യജീവി ആക്രമണങ്ങൾ വലിയ പരിഭ്രാന്തിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഫെബ്രുവരി 14-ന് മിഹിൻപൂർവ-ലഖിംപൂർ റോഡിൽ വെച്ച് 45 വയസ്സുള്ള ഒരു സ്ത്രീയും, തൊട്ടടുത്ത ദിവസം കരിക്കോട്ട് ഗ്രാമത്തിൽ ഒരു സന്യാസിയും സമാനമായ രീതിയിൽ കാട്ടാനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടിരുന്നു.
മരിച്ച കുവാരിയ ദേവിയുടെ കുടുംബത്തിന് അടിയന്തര സഹായമായി 10,000 രൂപ വനംവകുപ്പ് കൈമാറി. സർക്കാർ മാനദണ്ഡങ്ങൾ പ്രകാരം 5 ലക്ഷം രൂപയുടെ ആശ്വാസധനം നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും ഡിവിഷനൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു. വനമേഖലയോട് ചേർന്നുള്ള ഭാഗങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് നിർദ്ദേശിച്ചു. സംഭവത്തിന് പിന്നാലെ പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.

