കോയമ്പത്തൂർ: തമിഴ്നാട് ബിജെപിയിൽ ഭിന്നത രൂക്ഷമെന്ന സൂചനകൾ നൽകി മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയുടെ അസാന്നിധ്യം. ഞായറാഴ്ച കോയമ്പത്തൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ ബിജെപിയുടെയും എൻഡിഎയുടെയും പ്രമുഖ നേതാക്കൾ എത്തിയെങ്കിലും അണ്ണാമലൈ വിട്ടുനിന്നത് വിവാദമായിരിക്കുകയാണ്.(Annamalai did not come to welcome PM Modi, Is there unrest brewing in the Tamil Nadu BJP?)
അണ്ണാമലൈയുടെ പേര് സ്വീകരണത്തിനുള്ള ഔദ്യോഗിക പട്ടികയിൽ ഉണ്ടായിരുന്നിട്ടും അദ്ദേഹം എത്തിയില്ല. തമിഴ്നാട്ടിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് പാർട്ടി കേന്ദ്ര നേതൃത്വവുമായി അണ്ണാമലൈ അസ്വാരസ്യത്തിലാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഈ സംഭവം. ചില സുപ്രധാന മണ്ഡലങ്ങൾ സഖ്യകക്ഷികൾക്ക് വിട്ടുനൽകിയതിലും സ്ഥാനാർത്ഥി നിർണ്ണയത്തിലും അണ്ണാമലൈക്ക് അതൃപ്തിയുണ്ടെന്നാണ് വിവരം.
പ്രത്യേക വിമാനത്തിൽ കോയമ്പത്തൂരിലെത്തിയ മോദി, എൻഡിഎ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പാലക്കാട്ടേക്ക് തിരിച്ചിരുന്നു. തമിഴ്നാട് ബിജെപിയുടെ മുഖമായിരുന്ന അണ്ണാമലൈ മോദിയെ കാണാൻ എത്താതിരുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ ഐക്യത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് പ്രവർത്തകർ.

