ന്യൂഡൽഹി: ലോക ജൂനിയർ സ്‌ക്വാഷ് ചാമ്പ്യൻഷിപ്പിൽ ചരിത്രവിജയവുമായി ഇന്ത്യയുടെ അനാഹത് സിംഗ്. കാനഡയിലെ നിയാഗ്ര-ഓൺ-ദി-ലേക്കിൽ നടന്ന പെൺകുട്ടികളുടെ സിംഗിൾസ് ഫൈനലിൽ ഈജിപ്തിന്റെ റുഖയ്യ സലീമിനെ പരാജയപ്പെടുത്തിയാണ് 18-കാരിയായ അനാഹത് ലോക ജൂനിയർ സ്‌ക്വാഷ് ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടം സ്വന്തമാക്കിയത്.(Anahat Singh Creates History Becoming Indias First World Junior Squash Champion)
ഏകപക്ഷീയമായ മൂന്ന് സെറ്റുകൾക്കാണ് (11-3, 11-7, 11-9) രണ്ടാം സീഡായ റുഖയ്യയെ ടോപ് സീഡ് താരം അനാഹത് കീഴടക്കിയത്. 2005-ൽ ജോഷ്ന ചിന്നപ്പ റണ്ണറപ്പായതായിരുന്നു ഇതുവരെ ഈ ടൂർണമെന്റിലെ ഇന്ത്യയുടെ മികച്ച പ്രകടനം. ആ റെക്കോർഡാണ് അനാഹത് തിരുത്തിക്കുറിച്ചത്. 2011 മുതൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ഈജിപ്ത് തുടർന്നുവന്ന 13 വർഷത്തെ ആധിപത്യത്തിനും ഈ വിജയത്തോടെ വിരാമമായി. 2010-ന് ശേഷം ഈ കിരീടം നേടുന്ന ആദ്യ നോൺ-ഈജിപ്ഷ്യൻ താരം കൂടിയാണ് അനാഹത്.
ടൂർണമെന്റിലുടനീളം മികച്ച ഫോമിലായിരുന്ന താരം ആറ് മത്സരങ്ങളിൽ നിന്ന് രണ്ട് സെറ്റുകൾ മാത്രമാണ് വഴങ്ങിയത്. ക്വാട്ടർ ഫൈനലിൽ ഈജിപ്തിന്റെ ഹബീബ റിസ്‌കിനെയും, സെമി ഫൈനലിൽ ബർബ് സമീഹിനെയും മറികടന്നാണ് താരം ഫൈനലിലേക്ക് മുന്നേറിയത്. കഴിഞ്ഞ വർഷം കൈറോയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയിരുന്ന അനാഹത് ഇത്തവണ ചരിത്രപരമായ സ്വർണ്ണനേട്ടത്തോടെ രാജ്യത്തിന്റെ അഭിമാനമായി മാറി.
Story Summary
India’s 18-year-old Anahat Singh created history by becoming the first Indian to win the World Junior Squash Championship, defeating Egypt’s Ruqayya Salem 3-0 in the girls’ singles final in Canada. Anahat’s dominant performance ended Egypt’s 13-edition winning streak in the tournament and surpassed Joshna Chinappa’s 2005 runner-up achievement.


