ലോക സെറിബ്രൽ പാൾസി ദിനം; ശരീരം അപരിചിതമായൊരു ഭാഷ സംസാരിക്കുന്ന പോലെ - കാരണങ്ങൾ, പരിചരണം, മുന്നോട്ടുള്ള വഴികൾ

ലോക സെറിബ്രൽ പാൾസി ദിനം; ശരീരം അപരിചിതമായൊരു ഭാഷ സംസാരിക്കുന്ന പോലെ - കാരണങ്ങൾ, പരിചരണം, മുന്നോട്ടുള്ള വഴികൾ
Published on

സെറിബ്രൽ പാൾസി (ചുരുക്കത്തിൽ ‘സിപി’) യെ പലപ്പോഴും ഒറ്റ രോഗമായിട്ടാണ് നമ്മൾ കാണാറുള്ളത്. എന്നാൽ ചലനശേഷിയെയും ശരീരത്തിന്റെ നിലയെയും ബാധിക്കുന്ന വിവിധ പ്രശ്നങ്ങളുടെ ഒരു കൂട്ടത്തെയാണ് സെറിബ്രൽ പാൾസി എന്നുപറയുന്നത്. ഗർഭാവസ്ഥയിലോ ജനനസമയത്തോ അല്ലെങ്കിൽ ജീവിതത്തിന്റെ ആദ്യ ഏതാനും മാസങ്ങളിലോ തലച്ചോറിനുണ്ടാകുന്ന തകരാറുകളാണ് ഈ അവസ്ഥയ്ക്ക് കാരണമാകുന്നത്.  നല്ല ശ്രദ്ധയും പരിചരണവും കിട്ടിയാൽ സെറിബ്രൽ പാൾസി ഉള്ളവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും. പല കേസുകളും തടയാൻ കഴിയുന്നതോ അല്ലെങ്കിൽ അതിന്റെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാവുന്നതോ ആണെന്ന് പഠനങ്ങൾ പറയുന്നു (World Cerebral Palsy Day 2025).

പേശികളുടെ ഏകോപനമില്ലായ്മ, പേശികൾ വലിഞ്ഞുമുറുകുകയോ അയഞ്ഞുപോവുകയോ ചെയ്യുക, നടത്തത്തിലെ അസാധാരണത്വം, സംവേദനക്ഷമതയിലെ ഏറ്റക്കുറച്ചിലുകൾ, വിറയൽ എന്നിവയെല്ലാം സെറിബ്രൽ പാൾസിയുടെ ലക്ഷണമാകാം. അപസ്മാരം, മാനസിക വൈകല്യങ്ങൾ, കാഴ്ച/കേൾവി സംബന്ധമായ പ്രശ്നങ്ങൾ, സംസാരിക്കുന്നതിലും ഭക്ഷണം കഴിക്കുന്നതിലുമുള്ള ബുദ്ധിമുട്ടുകൾ,  വൈകാരികവും സ്വഭാവരൂപീകരണത്തിലുമുള്ള പ്രശ്നങ്ങൾ എന്നിവയും സെറിബ്രൽ പാൾസി ഉള്ളവരിൽ കാണാറുണ്ട്. ശരീരത്തിൽ കടുത്തവേദനയും ഇവർക്ക് അനുഭവപ്പെടാം. രോഗത്തിന്റെ സ്വഭാവമനുസരിച്ച് ഈ വേദന വിട്ടുപോകാതെ നിരന്തരം തുടരുകയോ അടിക്കടി വന്നുപോവുകയോ ചെയ്യാം. രോഗം നേരത്തെ തിരിച്ചറിയുന്നതും വിവിധ മേഖലകളിലെ വിദഗ്ദ്ധർ ഒരുമിച്ച് നൽകുന്ന ചികിത്സയും ഇവരുടെ ജീവിതത്തിൽ വളരെ പ്രധാനമാണ്. പീഡിയാട്രിക് ന്യൂറോളജിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ന്യൂട്രീഷ്യനിസ്റ്റ് എന്നിവരുടെ ഒരുമിച്ചുള്ള സേവനങ്ങളാണ് ഇവർക്കാവശ്യം.

കണക്കുകൾ പറയുന്നത്…

വികസിതരാജ്യങ്ങളിൽ ആയിരം കുട്ടികൾ ജനിക്കുമ്പോൾ ഏകദേശം 1.6 പേർക്ക് സെറിബ്രൽ പാൾസി കണ്ടുവരുന്നു. താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ ഇതുമായി ബന്ധപ്പെട്ടുള്ള കൃത്യമായ വിവരശേഖരണം നടക്കുന്നില്ല. എന്നാൽപ്പോലും ഇത്തരം രാജ്യങ്ങളിൽ സെറിബ്രൽ പാൾസി ഉള്ളവരുടെ എണ്ണം കൂടുതലാണെന്ന് കാണാം. ഇന്ത്യയിലെ കണക്കുകൾ പ്രകാരം, ആയിരം കുട്ടികളിൽ ഏകദേശം 2.9 പേർക്ക് സെറിബ്രൽ പാൾസി ഉണ്ട്. അതായത്, ഇന്ത്യയിൽ ആയിരക്കണക്കിന് കുട്ടികൾക്ക് സെറിബ്രൽ പാൾസി ഉണ്ടെന്നും അവർക്ക് സഹായവും പിന്തുണയും ആവശ്യമാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

സെറിബ്രൽ പാൾസിയുടെ കാരണങ്ങൾ എന്തൊക്കെ? ആർക്കാണ് കൂടുതൽ സാധ്യത?

ഏതെങ്കിലും ഒരൊറ്റ കാരണം കൊണ്ടുമാത്രം സംഭവിക്കുന്ന പ്രശ്നമല്ല സെറിബ്രൽ പാൾസി. പലപ്പോഴും പലതവണ അവർത്തിക്കപ്പെടുകയോ നിരന്തരം സംഭവിക്കുകയും ചെയ്യുന്ന ചില പ്രശ്നങ്ങളാണ് അതിലേക്ക് നയിക്കുന്നതെന്ന് കാണാം. ഗർഭകാലത്തെ പ്രശ്നങ്ങളും പ്രസവസമയത്തെ പ്രശ്നങ്ങളും പ്രസവശേഷം ഉണ്ടാകുന്ന പ്രശ്നങ്ങളും സെറിബ്രൽ പാൾസിക്ക് കാരണമാകാം.

● മാസം തികയാതെയുള്ള ജനനവും കുറഞ്ഞ ഭാരവും: പല പഠനങ്ങളും കാണിക്കുന്നത് സെറിബ്രൽ പാൾസി ഉണ്ടാകാനുള്ള പ്രധാന കാരണം മാസം തികയാതെയുള്ള ജനനവും കുട്ടിയുടെ കുറഞ്ഞ ഭാരവുമാണെന്നാണ്.
● പ്രസവസമയത്തെ സങ്കീർണ്ണതകൾ: പ്രസവസമയത്ത് തലച്ചോറിലേക്ക് ഓക്സിജൻ കുറയുന്നതും, നവജാത ശിശുക്കൾക്ക് ഗുരുതരമായ അസുഖങ്ങൾ വരുന്നതും ഒരു കാരണമാണ്. ആധുനിക ചികിത്സാ സൗകര്യങ്ങളുള്ള മേഖലകളിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. എന്നാൽ മതിയായ പ്രസവ-ശിശു പരിചരണം ഇല്ലാത്തയിടങ്ങളിൽ ഈ ഘടകം ഒരു പ്രധാന പ്രശ്നമാണ്.
● ജനിതക തകരാറുകളും തലച്ചോറിന്റെ ഘടനാപരമായ പ്രശ്നങ്ങളും: ജനിതകപരമായ കാരണങ്ങളാലും തലച്ചോറിന്റെ വികാസത്തിലുണ്ടാകുന്ന ചില പ്രശ്നങ്ങളാലും സെറിബ്രൽ പാൾസി ഉണ്ടാകാം. ഇത്തരം കേസുകൾ ഇപ്പോൾ നേരത്തെ തിരിച്ചറിയപ്പെടുന്നുണ്ട്. ഗർഭകാലത്തെ മദ്യപാനം സെറിബ്രൽ പാൾസിയുണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു.
● നവജാത ശിശുക്കളിലെ അണുബാധകൾ: മെനിഞ്ചൈറ്റിസ്, എൻസെഫലൈറ്റിസ് പോലുള്ള അണുബാധകൾ തലച്ചോറിനെ ബാധിക്കുന്നത് സെറിബ്രൽ പാൾസിക്ക് കാരണമാകാം. ഗർഭകാല പരിചരണം, വിദഗ്ദ്ധരുടെ സഹായത്തോടെയുള്ള പ്രസവം, നവജാത ശിശുവിന്റെ തീവ്രപരിചരണം, അണുബാധ നിയന്ത്രണം എന്നിവയുടെ ലഭ്യതക്കുറവ് സെറിബ്രൽ പാൾസി സാധ്യത വർദ്ധിപ്പിക്കാം.
പലപ്പോഴും ഈ കാരണങ്ങൾ ഒരുമിച്ച് വരാം (ഉദാഹരണത്തിന്, മാസം തികയാതെയുള്ള ജനനവും നവജാത ശിശുക്കളിലെ അണുബാധയും). അതുകൊണ്ട്, അമ്മമാർക്കും കുഞ്ഞുങ്ങൾക്കും സമഗ്രമായ പരിചരണം നൽകേണ്ടത് ഈ അവസ്ഥയെ തടയാൻ വളരെ പ്രധാനമാണ്.

സെറിബ്രൽ പാൾസി തടയാൻ കഴിയുമോ?

സെറിബ്രൽ പാൾസിയെ പൂർണ്ണമായി തടയാൻ നിലവിൽ മാർഗങ്ങൾ ഒന്നുമില്ല എന്നതാണ് ഏറ്റവും പെട്ടെന്ന് പറയാവുന്ന ഉത്തരം. എങ്കിലും, പല കേസുകളും ഒരു പരിധിവരെ തടയാനോ അവയുടെ തീവ്രത കുറയ്ക്കാനോ സാധിക്കും. അതിന് പൊതുജനാരോഗ്യ സംവിധാനങ്ങളും കൃത്യമായ വൈദ്യശാസ്ത്ര പരിചരണവും ശക്തിപ്പെടുത്തേണ്ടതുണ്ട്. ഗർഭിണികൾക്ക് ഉണ്ടാകാവുന്ന അണുബാധകൾ, രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയവ കണ്ടെത്തുകയും കൃത്യമായി ചികിത്സിക്കുകയും ചെയ്യുക. ഗർഭം ധരിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ മദ്യപാനം പൂർണമായും ഒഴിവാക്കുക. ഗുണമേന്മയുള്ള പ്രസവ പരിചരണം ഉറപ്പാക്കേണ്ടതും വളരെ പ്രധാനമാണ്. പരിശീലനം ലഭിച്ചവരുടെ സഹായത്തോടെ വേണം പ്രസവം നടത്താൻ. കുഞ്ഞിന് ആവശ്യമായ ശരിയായ നിരീക്ഷണം, ആവശ്യമെങ്കിൽ ഒട്ടുംവൈകാതെയുള്ള സിസേറിയൻ എന്നിവ ഉറപ്പാക്കുക. പ്രസവസമയമായിട്ടും അനാവശ്യമായി പ്രസവം നീട്ടിവെച്ചാൽ കുഞ്ഞിന്റെ തലച്ചോറിലേക്ക് ആവശ്യത്തിന് രക്തയോട്ടം എത്താത്ത അവസ്ഥയുണ്ടാകാം. ഇത് സെറിബ്രൽ പാൾസിക്ക് കാരണമാകാം.
പ്രസവസമയത്ത് കുഞ്ഞുങ്ങളുടെ തലച്ചോറിനുണ്ടായേക്കാവുന്ന പരിക്കുകൾ ഉടൻ ചികിൽസിക്കാൻ നവജാത ശിശുക്കൾക്കായുള്ള തീവ്രപരിചരണ സംവിധാനമുള്ള ആശുപത്രികൾ തെരഞ്ഞെടുക്കുക. ഗർഭിണികളെ ചികിൽസിക്കുന്ന എല്ലാ ആശുപത്രികളിലും ഈ സൗകര്യം ഉറപ്പാക്കണം.  പ്രതിരോധ കുത്തിവയ്പ്പുകൾ കൃത്യസമയത്ത് സ്വീകരിക്കുന്നത് അണുബാധകൾ തടയാൻ സഹായിക്കും. മെനിഞ്ചൈറ്റിസ് പോലുള്ള അണുബാധകൾ തടയാൻ പ്രതിരോധ കുത്തിവയ്പ്പുകൾ നിർണായകമാണ്. കുട്ടികളിൽ വളർച്ചാപരമായ കാലതാമസങ്ങൾ ഉണ്ടെങ്കിൽ (ഇഴയാനോ നടക്കാനോ സംസാരിക്കാനോ വൈകിയാൽ) അത് നേരത്തെ തിരിച്ചറിയുകയും വേഗത്തിൽ ചികിത്സ നൽകുകയും ചെയ്യുക. കുഞ്ഞുങ്ങളുടെ ഡയപ്പർ മാറ്റുമ്പോഴോ അവരെ കുളിപ്പിക്കുമ്പോഴോ ഒക്കെ പേശീസമ്പന്ധമായ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെടാം. കൈകാലുകൾ മുറുകിയിരിക്കുകയോ പ്രതീക്ഷിക്കാത്ത ഭാഗത്തേക്ക് അവ കുഴഞ്ഞുപോകുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടണം.

ലഭ്യമായ ചികിത്സകൾ

സെറിബ്രൽ പാൾസിക്ക് കാരണമായ തലച്ചോറിലെ തകരാറിനെ മാറ്റുന്ന ഒരു സമഗ്ര ചികിത്സ നിലവിലില്ല. സെറിബ്രൽ പാൾസിയുള്ള കുട്ടികളുടെ പ്രവർത്തനശേഷി മെച്ചപ്പെടുത്തുക, മറ്റ് ബുദ്ധിമുട്ടുകൾ തടയുക, അവരെ ഒരു സാധാരണ ജീവിതം നയിക്കാൻ സഹായിക്കുക, അവരുടെ ജീവിതനിലവാരം ഉയർത്തുക എന്നിവയാണ് ഇപ്പോഴുള്ള ചികിത്സകൾ ഉദ്ദേശിക്കുന്നത്. നിലവിൽ ഏറ്റവും മികച്ച ചികിത്സാ രീതിയിൽ വിവിധ മേഖലകളിലെ വിദഗ്ദ്ധർ ഒരുമിച്ച്, ഓരോ കുട്ടിക്കും അനുയോജ്യമായ, തെളിവുകളെ അടിസ്ഥാനമാക്കിയുള്ള പരിചരണമാണ് നൽകുന്നത്. ഇതിനാദ്യം ഒരു പീഡിയാട്രീഷനെയാണ് സമീപിക്കേണ്ടത്. ഏതുതരം സെറിബ്രൽ പാൾസിയാണെന്ന് തിരിച്ചറിഞ്ഞ ശേഷമാണ് തുടർചികിത്സ. പ്രധാനമായും മൂന്ന് തരത്തിലാണ് സെറിബ്രൽ പാൾസി പ്രത്യക്ഷപ്പെടുന്നത്. ഏറ്റവും കൂടുതലാളുകളിൽ കണ്ടുവരുന്നത് സ്പാസ്റ്റിക് സെറിബ്രൽ പാൾസിയാണ്. ഡിസ്കിനെറ്റിക്, അറ്റാക്‌സിക് എന്നീ തരങ്ങളുമുണ്ട്. തലച്ചോറിന്റെ ഏത് ഭാഗത്തിനാണോ തകരാർ സംഭവിച്ചിട്ടുള്ളത് എന്നതിനെ ആശ്രയിച്ചാണ് സെറിബ്രൽ പാൾസിയുടെ സ്വഭാവവും മാറുന്നത്. ഓരോന്നിനോടുമുള്ള ചികിത്സാരീതി വ്യത്യാസപ്പെട്ടിരിക്കുന്നു. ഈ പറഞ്ഞ മൂന്ന് തരം സെറിബ്രൽ പാൾസികളിൽ ഒന്നിലേറെ രോഗാവസ്ഥകൾ ഒരു രോഗിയിൽ ഉണ്ടായെന്നും വരാം.

പേശികളുടെയും സന്ധികളുടെയും പ്രശ്നങ്ങൾ കാരണം സെറിബ്രൽ പാൾസിയുള്ള കുട്ടികൾ വളരുന്തോറും അവരുടെ വേദന കൂടിവരാറുണ്ട്. ഓരോ രോഗിയുടെയും സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് ചികിത്സയുടെ രീതിയും ഭാവവും നിശ്ചയിക്കുന്നത്.
 
● പുനരധിവാസ ചികിത്സകൾ: ഫിസിയോതെറാപ്പി, ഒക്കുപ്പേഷണൽ തെറാപ്പി, സ്പീച്ച് ആൻഡ് ലാംഗ്വേജ് തെറാപ്പി, എന്നിവ ചലനശേഷി, ആശയവിനിമയം, ദൈനംദിന കാര്യങ്ങൾ ചെയ്യാനുള്ള കഴിവ് എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
● മരുന്ന് ഉപയോഗിച്ചുള്ള ചികിത്സ: പേശികളുടെ വലിഞ്ഞുമുറുകൽ കുറയ്ക്കാൻ ഗുളിക രൂപത്തിലുള്ള മരുന്നുകൾ ഉപയോഗിക്കാറുണ്ട്. ചില കുട്ടികളിൽ പേശികളിലേക്ക് നേരിട്ടോ സുഷുമ്നാ നാഡിയിലേക്കോ ബോട്ടുലിനം ടോക്സിൻ കുത്തിവയ്ക്കുക്കാറുണ്ട്. പ്രത്യേകമായി തിരഞ്ഞെടുക്കപ്പെട്ട കുട്ടികളിൽ സെലക്ടീവ് ഡോർസൽ റൈസോട്ടമി എന്ന ശസ്ത്രക്രിയയും ഫലപ്രദമാണ്. അപസ്മാരം നിയന്ത്രിക്കാനും മരുന്നുകൾ നൽകാറുണ്ട്.
● ഓർത്തോപീഡിക് ശസ്ത്രക്രിയ: പേശികൾ വലിഞ്ഞുമുറുകുന്നത്, ഇടുപ്പെല്ലിന്റെ സ്ഥാനഭ്രംശം, മറ്റ് എല്ലുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവ പരിഹരിക്കാൻ ശസ്ത്രക്രിയകൾ സഹായിക്കും.
● സഹായക ഉപകരണങ്ങൾ: വീൽചെയറുകൾ, കാലിലും കൈകളിലും ഉപയോഗിക്കുന്ന സപ്പോർട്ടുകൾ (ഓർത്തോസിസുകൾ), ആശയവിനിമയത്തിനുള്ള ഉപകരണങ്ങൾ, വീടുകളിലും സ്കൂളുകളിലും വരുത്തുന്ന മാറ്റങ്ങൾ എന്നിവ കുട്ടികളുടെ സ്വയംപര്യാപ്തത വർദ്ധിപ്പിക്കുന്നു.
● പോഷകാഹാരവും ശ്വാസകോശ പരിചരണം: സെറിബ്രൽ പാൾസി ഉള്ള കുട്ടികളിൽ ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ടുകളും ആവർത്തിച്ചുള്ള ശ്വാസകോശ അണുബാധകളും സാധാരണമാണ്. അതുകൊണ്ട്, ശരിയായ പോഷകാഹാരം ഉറപ്പാക്കുകയും ആവശ്യമെങ്കിൽ ട്യൂബിലൂടെ ഭക്ഷണം നൽകുകയും ചെയ്യാം. ശ്വാസകോശത്തിന്റെ ആരോഗ്യം വളരെ ശ്രദ്ധിക്കണം.
● സാമൂഹ്യാധിഷ്ഠിത പുനരധിവാസവും മാതാപിതാക്കൾക്കുള്ള പരിശീലനവും: സെറിബ്രൽ പാൾസിയുള്ള കുട്ടികളെ പരിചരിക്കാനും ഊട്ടാനും ഉറക്കാനും മാതാപിതാക്കൾക്കും കുടുംബങ്ങൾക്കും പ്രത്യേകം പരിശീലനം ആവശ്യമാണ്. ഈ രോഗാവസ്ഥയുള്ളവർക്ക് വീട്ടിലിരുന്ന് തന്നെ ചെയ്യാവുന്ന ചില വ്യായാമങ്ങളുമുണ്ട്. ഇത്തരം ഭിന്നശേഷിയുള്ള കുട്ടികൾക്ക് കൂടി പഠിക്കാൻ ഉതകുന്ന തരത്തിൽ നമ്മുടെ സ്‌കൂളുകളിലും ആവശ്യത്തിന് സൗകര്യങ്ങൾ വേണം.

ഒക്കുപ്പേഷണൽ തെറാപ്പിയുടെ പ്രാധാന്യം

സെറിബ്രൽ പാൾസിയുള്ളവർക്ക് വേണ്ടിയുള്ള സമഗ്രചികിത്സാ പദ്ധതിയിലെ ഒരു സുപ്രധാന ഘടകമാണ് ഒക്കുപ്പേഷണൽ തെറാപ്പി. ഈ കുട്ടികളുടെ സ്വാഭാവിക വളർച്ചാ ഘട്ടങ്ങളെ പ്രോത്സാഹിപ്പിക്കാനും അവരെ സ്വന്തമായി കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കാനും ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റുകൾ സഹായിക്കും. പേശികളെ നിയന്ത്രിക്കാൻ പഠിപ്പിക്കുക, വീഴാതിരിക്കാനുള്ള ബാലൻസിംഗ് പരിശീലിപ്പിക്കുക, ലളിതമായ വ്യായാമങ്ങൾ ചെയ്യിക്കുക എന്നിവ അതിൽപ്പെടുന്ന ചിലതാണ്. ആവശ്യമെങ്കിൽ ഓരോ കുട്ടിയുടെയും ജീവിതം മെച്ചപ്പെടുത്തുന്നതിനാവശ്യമായ പ്രത്യേക ഉപകരണങ്ങൾ കണ്ടെത്താനും ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റുകളെ സമീപിക്കാവുന്നതാണ്. സെറിബ്രൽ പാൾസിയുള്ള കുട്ടികളെ ഭക്ഷണം കഴിപ്പിക്കാനും പരിചരിക്കാനുമുൾപ്പെടെ, രക്ഷിതാക്കൾക്ക് ആവശ്യമായ മാനസിക, പ്രായോഗിക പരിശീലനവും ഇവർ നൽകുന്നു. സെറിബ്രൽ പാൾസിയുള്ളവരുടെ ചലനശേഷിയെയും ബൗദ്ധികമായ കഴിവുകളെയും പരമാവധി വികസിപ്പിക്കാൻ ഒക്കുപ്പേഷണൽ തെറാപ്പിയിലൂടെ സാധിക്കും. വളരെ നേരത്തെ തന്നെ ഒക്കുപ്പേഷണൽ തെറാപ്പി തുടങ്ങുന്നതും ഗുണം ചെയ്യും.

സേവനങ്ങൾ, നിയമങ്ങൾ, പോരായ്മകൾ

നേരിയ സെറിബ്രൽ പാൾസി ഉള്ളവർക്കും സ്വയം നടക്കാനും ഭക്ഷണം കഴിക്കാനും കഴിയുന്നവർക്കും  മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലെങ്കിൽ ഒരു സാധാരണ ജീവിതം നയിക്കാൻ കഴിയും. എന്നാൽ ഗുരുതരമായ സെറിബ്രൽ പാൾസി ഉള്ളവർക്ക് (നടക്കാൻ കഴിയാത്തവർ, നിയന്ത്രിക്കാൻ കഴിയാത്ത അപസ്മാരം, ആവർത്തിച്ചുള്ള ശ്വാസകോശ പ്രശ്നങ്ങൾ) ആയുർദൈർഘ്യം കുറവാണ്. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും ഭക്ഷണവുമായി ബന്ധപ്പെട്ട സങ്കീർണ്ണതകളുമാണ് പലപ്പോഴും മരണത്തിന് കാരണമാകുന്നത്.

സെറിബ്രൽ പാൾസിയുള്ള കുട്ടികൾക്കായി നമ്മുടെ രാജ്യത്ത് ചില നിയമങ്ങളും സേവനങ്ങളും ലഭ്യമാണ്. ഉദാഹരണത്തിന്, രാഷ്ട്രീയ ബാൽ സ്വാസ്ഥ്യ കാര്യക്രം (RBSK) പദ്ധതിയിലൂടെ കുട്ടികളിലെ വളർച്ചാപരമായ കാലതാമസങ്ങൾ കണ്ടെത്തുകയും ചികില്സിക്കുകയും ചെയ്യുന്നുണ്ട്. ഭിന്നശേഷിക്കാരുടെ അവകാശ നിയമം (RPwD Act, 2016) സെറിബ്രൽ പാൾസിയെ അംഗീകരിക്കുകയും അവർക്ക് വിദ്യാഭ്യാസം, സംവരണം, സൗകര്യങ്ങൾ തുടങ്ങിയ നിയമപരമായ അവകാശങ്ങൾ നൽകുകയും ചെയ്യുന്നു.

കേരളത്തിലെ സാമൂഹ്യ സുരക്ഷാ മിഷൻ പോലുള്ള സർക്കാർ സംവിധാനങ്ങൾ ഇത്തരം പ്രശ്നങ്ങളുള്ള കുട്ടികളെ നേരത്തെ കണ്ടെത്താനും അവരെ പുനരധിവസിപ്പിക്കാനും സമൂഹത്തിൽ തുല്യ പങ്കാളിത്തം ഉറപ്പാക്കാനും സജീവമായി പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനത്ത് നിരവധി സ്വകാര്യ, സന്നദ്ധ സംഘടനകളുടെ പുനരധിവാസ കേന്ദ്രങ്ങളും, ശിശു വികസന കേന്ദ്രങ്ങളും, സ്പെഷ്യലൈസ്ഡ് ആശുപത്രികളും ഉണ്ട്. ഇക്കാര്യത്തിൽ മറ്റ് പല സംസ്ഥാനങ്ങളെക്കാളും മികച്ച ആരോഗ്യ സംവിധാനങ്ങളാണ് കേരളത്തിലുള്ളത്. എന്നാലും സേവനങ്ങൾ ഏകോപിപ്പിക്കുന്നതിലും  ഏവർക്കും താങ്ങാനാവുന്ന ദീർഘകാല സഹായങ്ങൾ ലഭ്യമാക്കുന്നതിലും സെറിബ്രൽ പാൾസി ഉള്ളവർക്ക് തൊഴിലവസരങ്ങൾ നൽകുന്നതിലും ഇനിയും നാം ഒരുപാട് മുന്നോട്ടുപോകേണ്ടതുണ്ട്.

കുടുംബങ്ങൾക്കും സമൂഹത്തിനും എന്തൊക്കെ ചെയ്യാൻ കഴിയും?

സെറിബ്രൽ പാൾസി ഉള്ള കുട്ടികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിൽ വൈദ്യസഹായം മാത്രമല്ല, കുടുംബങ്ങൾക്കും സ്കൂളുകൾക്കും സമൂഹത്തിനും വലിയ പങ്കുണ്ട്. ഫിസിയോതെറാപ്പി,സ്പീച്ച് തെറാപ്പി, ഒക്കുപ്പേഷണൽ തെറാപ്പി എന്നിവ വളരെ നേരത്തെ തുടങ്ങുകയും അത് സ്ഥിരമായി തുടരുകയും വേണം. വീട്ടിൽ ദിവസവും ചെയ്യുന്ന ചെറിയ വ്യായാമങ്ങൾ പോലും വലിയ മാറ്റങ്ങളുണ്ടാക്കും. ഇത്തരം കുട്ടികളെ പരിചരിക്കുന്നവർക്കും മാനസിക പിന്തുണ ആവശ്യമാണെന്ന കാര്യം മറക്കരുത്. സെറിബ്രൽ പാൾസിയുള്ള കുട്ടികളെ കൂടി ഉൾക്കൊള്ളുന്ന വിദ്യാഭ്യാസ കേന്ദ്രങ്ങളും തൊഴിലിടങ്ങളും നമുക്ക് ആവശ്യമാണ്.  ഇതിനായി പ്രത്യേക അടിസ്ഥാനസൗകര്യങ്ങൾ, പരിശീലനം ലഭിച്ച അദ്ധ്യാപകർ എന്നിവ ഉറപ്പാക്കണം. തെറാപ്പികൾക്കും സാമൂഹ്യക്ഷേമ പദ്ധതികൾക്കുമായി സംസ്ഥാനതലത്തിലുള്ള ഭിന്നശേഷി വിഭവങ്ങൾ (കേരള സാമൂഹ്യ സുരക്ഷാ മിഷൻ, പ്രാദേശിക മെഡിക്കൽ കോളേജുകൾ, പുനരധിവാസ കേന്ദ്രങ്ങൾ) ഉപയോഗിക്കുക. സെറിബ്രൽ പാൾസിയുള്ള കുട്ടികളുള്ള വീടുകളിലെ രക്ഷിതാക്കൾ പലപ്പോഴും സാമൂഹികമായി ഒറ്റപ്പെടുകയോ പൊതുചടങ്ങുകളിൽ നിന്ന് വിട്ടുനിൽക്കുകയോ ഒക്കെ ചെയ്യാറുണ്ട്. അവരെക്കൂടി നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കേണ്ടത് സമൂഹത്തിന്റെ മുഴുവൻ ഉത്തരവാദിത്വമാണ്.

തയാറാക്കിയത്: ഡോ. ജോസഫ് സണ്ണി കുന്നശ്ശേരി, കൊച്ചി പ്രയത്ന ചൈൽഡ് ഡെവലപ്മെന്റ് സെന്ററിന്റെ സ്ഥാപകനും  സീനിയർ ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റുമാണ്

Related Stories

No stories found.
Times Kerala
timeskerala.com