ആലപ്പുഴ: എസ്എൻഡിപി - എൻഎസ്എസ് ഐക്യനീക്കം പാതിവഴിയിൽ നിലച്ചെങ്കിലും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ തള്ളിപ്പറയാൻ വെള്ളാപ്പള്ളി നടേശൻ തയ്യാറായില്ല. സുകുമാരൻ നായർ അങ്ങേയറ്റം മാന്യനും നിഷ്കളങ്കനുമാണെന്നും വ്യക്തിപരമായി അദ്ദേഹം ഐക്യത്തിന് വലിയ പിന്തുണ നൽകിയിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.(Will not reject NSS, says Vellappally Natesan)
ഐക്യനീക്കത്തിന് സുകുമാരൻ നായർ നൽകിയ പിന്തുണ വലുതാണ്. തന്റെ മകനെ സ്വന്തം മകനെപ്പോലെയാണ് അദ്ദേഹം കണ്ടത്. ആദ്യം പറഞ്ഞത് സുകുമാരൻ നായരുടെ വ്യക്തിപരമായ അഭിപ്രായമായിരുന്നു. എന്നാൽ പിന്നീട് സംഘടനയുടെ അഭിപ്രായം പറയേണ്ട ബാധ്യത വന്നപ്പോഴാണ് അദ്ദേഹം നിലപാട് മാറ്റിയത്. ഇതിന്റെ പേരിൽ സുകുമാരൻ നായരെയോ എൻഎസ്എസിനെയോ തള്ളിപ്പറയില്ല എന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
ഐക്യം കേവലം നായർ-ഈഴവ വിഭാഗങ്ങൾക്കിടയിൽ മാത്രം ഒതുങ്ങേണ്ടതല്ല. 'നായാടി മുതൽ നസ്രാണി വരെ' ഉള്ളവരുടെ ഐക്യമാണ് ഉണ്ടാവേണ്ടതെന്ന് അദ്ദേഹം ആവർത്തിച്ചു. മുസ്ലീം ലീഗ് എന്ന രാഷ്ട്രീയ പാർട്ടിയോട് മാത്രമാണ് തനിക്ക് എതിർപ്പുള്ളത്. അവർ ഈഴവ സമുദായത്തെ ചതിച്ചവരാണ്. എന്നാൽ മുസ്ലീം സമുദായത്തോട് തനിക്ക് വിരോധമില്ല. തന്നെ മുസ്ലീം വിരോധിയാക്കി ചിത്രീകരിച്ച് 'കത്തിച്ചു കളയാൻ' ചിലർ ശ്രമിക്കുന്നുണ്ടെന്നും അത് നടക്കില്ലെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു.
ഈഴവ സമുദായത്തെ തകർക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. അത്തരം ശക്തികൾക്ക് നേരെ വിരൽ ചൂണ്ടുക എന്നത് തന്റെ കടമയാണ്. ചിലർ ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നുവെന്നും എസ്എൻഡിപി ഒരു തുറന്ന പുസ്തകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എസ്എൻഡിപി യോഗവുമായി ഐക്യത്തിനില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ആവർത്തിച്ചു. ഐക്യനീക്കം ഒരു രാഷ്ട്രീയ കെണിയാണെന്ന തിരിച്ചറിവാണ് പിന്മാറ്റത്തിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളി നടേശൻ സുകുമാരൻ നായരെ 'നിഷ്കളങ്കൻ' എന്ന് വിശേഷിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ രൂക്ഷമായ പ്രതികരണം.
ഐക്യം വേണമെന്ന് ആദ്യം ആവശ്യപ്പെട്ടത് വെള്ളാപ്പള്ളിയാണ്. പിന്നാലെ തുഷാർ വെള്ളാപ്പള്ളി വിളിച്ചപ്പോഴാണ് ഇതിലെ രാഷ്ട്രീയ വൈരുദ്ധ്യം ശ്രദ്ധയിൽപ്പെട്ടത്. "താങ്കൾ എൻഡിഎ നേതാവല്ലേ, നിങ്ങൾക്ക് എങ്ങനെ നിക്ഷ്പക്ഷമായ ഐക്യ ചർച്ചകൾക്ക് സാധിക്കും?" എന്ന് താൻ തുഷാറിനോട് ചോദിച്ചതായി സുകുമാരൻ നായർ പറഞ്ഞു.
രാഷ്ട്രീയ താൽപ്പര്യങ്ങളുള്ള ഒരു ഐക്യനീക്കം എൻഎസ്എസിനെ കുടുക്കാനുള്ള കെണിയാണെന്ന് ബോധ്യപ്പെട്ടു. അതിൽ വീഴേണ്ട എന്ന് സംഘടന തീരുമാനിച്ചു. പിന്മാറാൻ ആരും സമ്മർദ്ദം ചെലുത്തിയിട്ടില്ല. താൻ തന്നെയാണ് ഡയറക്ടർ ബോർഡ് വിളിച്ചുചേർത്തതും ഐക്യം വേണ്ടെന്ന പ്രമേയം അവതരിപ്പിച്ചതും. ഭരണസമിതി അത് ഐകകണ്ഠേന അംഗീകരിക്കുകയായിരുന്നു. വെള്ളാപ്പള്ളിക്ക് പത്മഭൂഷൺ കിട്ടിയതിൽ ആക്ഷേപമില്ല. താൻ വിചാരിച്ചിരുന്നെങ്കിൽ പത്മ പുരസ്കാരങ്ങൾ പണ്ടേ ലഭിക്കുമായിരുന്നുവെന്നും എന്നാൽ തനിക്ക് അത്തരം കാര്യങ്ങളിൽ താല്പര്യമില്ലെന്നും അദ്ദേഹം പരിഹസിച്ചു.
എസ്എൻഡിപിയുമായുള്ള ഐക്യത്തിന്റെ വാതിൽ ഇനി ഒരിക്കലും തുറക്കില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. നായർ സമുദായത്തിന് സ്വന്തമായ നിലപാടുണ്ടെന്നും അത് ആരുടെയും തണലിലല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വി.ഡി. സതീശന്റെ വാക്കും പ്രവൃത്തിയും രണ്ടാണെന്നും സമുദായത്തെ തള്ളിപ്പറയുന്നവർ എൻ.എസ്.എസിന്റെ പിന്തുണ തേടി വരേണ്ടതില്ലെന്നും ജി. സുകുമാരൻ നായർ പറഞ്ഞു. സമുദായത്തെ നിഷേധിക്കുന്ന നിലപാടാണ് സതീശന്റേതെന്നും ഇതിൽ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വി.ഡി. സതീശൻ എൻ.എസ്.എസിന്റെ സഹായം തേടി വന്നിട്ടുണ്ട്. അന്ന് പറവൂരിലെ എൻ.എസ്.എസ് നേതൃത്വത്തെ വിളിച്ച് സതീശനെ സഹായിക്കാൻ താൻ നേരിട്ട് നിർദ്ദേശിച്ചിരുന്നു. എന്നാൽ സമുദായ സംഘടനകളെ തള്ളിപ്പറഞ്ഞ സതീശൻ ഇപ്പോൾ ഒരുപാട് വരമ്പ് ചാടിക്കഴിഞ്ഞു. വരുന്ന തിരഞ്ഞെടുപ്പിൽ പറവൂരിലെ സമുദായ അംഗങ്ങൾ അവരുടെ ഇഷ്ടത്തിനനുസരിച്ച് തീരുമാനമെടുക്കും. സമുദായത്തെ തള്ളിപ്പറയുന്നവർക്ക് ഇത്തവണ പിന്തുണയുണ്ടാകില്ലെന്ന സൂചനയാണ് അദ്ദേഹം നൽകിയത്.
സതീശൻ ഇടയ്ക്ക് ഒരു ദൂതനെ അയച്ചിരുന്നു. എന്നാൽ തന്റെ പരാമർശങ്ങൾ അബദ്ധമാണെന്ന് പരസ്യമായി പറയാൻ അദ്ദേഹം തയ്യാറായില്ല. എൻ.എസ്.എസിനെക്കുറിച്ച് ഒന്നുമറിയാത്തവരാണ് വിഡ്ഢിത്തം വിളിച്ചുപറയുന്നത്. ആരു ഭരിച്ചാലും എൻ.എസ്.എസിന് പ്രശ്നമില്ല. തങ്ങൾ ആരുടെയും മുന്നിൽ യാചിക്കാനില്ല. നിയമപരമായി ലഭിക്കേണ്ട അവകാശങ്ങൾക്കായി ആവശ്യമെങ്കിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ സർക്കാർ കോൺഗ്രസിനെയോ ബി.ജെ.പിെയയോ പോലെയല്ലെന്നും അവർ സ്വന്തം രാഷ്ട്രീയത്തിലൂടെയാണ് അധികാരത്തിൽ വന്നതെന്നും അദ്ദേഹം നിരീക്ഷിച്ചു. ഇപ്പോൾ മന്ത്രിസഭയിൽ എത്ര നായർ മന്ത്രിമാരുണ്ടെന്ന് അദ്ദേഹം ചോദിച്ചു. എൻ.എസ്.എസ് ഭിന്നശേഷി സംവരണം നടപ്പിലാക്കിക്കഴിഞ്ഞു. ഇതിൽ ജാതി നോക്കുന്നില്ല. എല്ലാ മാനേജ്‌മെന്റുകളും ഇത് പിന്തുടരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എൻ.എസ്.എസ് ഒരിക്കലും ന്യൂനപക്ഷ വിരുദ്ധത പറയില്ല. എല്ലാ സമുദായങ്ങളും തങ്ങൾക്ക് ഒരുപോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.