തിരുവനന്തപുരം: വിദേശ ഫണ്ട് നിയന്ത്രണ നിയമത്തിലെ ഭേദഗതിയുമായി ബന്ധപ്പെട്ട് ക്രൈസ്തവ സഭകളുടെ എല്ലാ ആശങ്കകളും പരിഹരിച്ചതിന് ശേഷം മാത്രമേ ബില്ല് അവതരിപ്പിക്കുകയുള്ളൂവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇക്കാര്യത്തിൽ ഡൽഹിയിൽ കൂടുതൽ ചർച്ചകൾ നടക്കുമെന്നും സഭകളുടെ ആശങ്ക കണക്കിലെടുത്താണ് ബില്ല് മാറ്റിവെച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.(Will Introduce FCRA Bill only after addressing all the concerns of Christian missionaries, says Rajeev Chandrasekhar)
കേന്ദ്രമന്ത്രി കിരൺ റിജിജു ഇക്കാര്യത്തിൽ ഇന്നലെത്തന്നെ വ്യക്തത വരുത്തിയിട്ടുണ്ടെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ബില്ലിനെക്കുറിച്ച് പ്രധാനമന്ത്രി ഇന്ന് സംസാരിക്കേണ്ടതില്ല. ഉത്തരവാദിത്തപ്പെട്ട മന്ത്രി തന്നെ കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമവിരുദ്ധമായ ഫണ്ടിംഗ് തടയുക എന്നത് മാത്രമാണ് ഭേദഗതിയുടെ ലക്ഷ്യമെന്നും അദ്ദേഹം ആവർത്തിച്ചു. ബിജെപിയും സിപിഎമ്മും തമ്മിൽ ധാരണയുണ്ടെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തെ രാജീവ് ചന്ദ്രശേഖർ പരിഹസിച്ചു.

