Description
Digital Voice of Kerala
Sunday, April 5, 2026

Digital Voice of Kerala
HomeKeralaശരണ്യ എവിടെ?: കേന്ദ്രം ഇടപെടണമെന്ന് കുടുംബം, ശ്രമം ഊർജ്ജിതമെന്ന് DK ശിവകുമാർ,...

ശരണ്യ എവിടെ?: കേന്ദ്രം ഇടപെടണമെന്ന് കുടുംബം, ശ്രമം ഊർജ്ജിതമെന്ന് DK ശിവകുമാർ, തടിയൻഡമോൾ കൊടുമുടിയിൽ തിരച്ചിൽ തുടരുന്നു | Saranya

🎙️ Latest Podcast

മടിക്കേരി: കർണാടകയിലെ കുടക് ജില്ലയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ തടിയൻഡമോളിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശിനി ശരണ്യയെ കണ്ടെത്താൻ വനംവകുപ്പും പോലീസും ശ്രമം ഊർജ്ജിതമാക്കി. കൊച്ചിയിലെ ഐടി കമ്പനി ജീവനക്കാരിയായ ശരണ്യ വ്യാഴാഴ്ച രാവിലെയാണ് ട്രക്കിങ്ങിനായി മലകയറിയത്.ശരണ്യയെ സുരക്ഷിതയായി കണ്ടെത്താൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വ്യക്തമാക്കി. അതേസമയം, സംഭവത്തിൽ കേന്ദ്രസർക്കാർ ഇടപെടണമെ എന്നാണ് യുവതിയുടെ കുടുംബത്തിൻ്റെ ആവശ്യം.(Where is Saranya? Search continues for Malayali woman at Karnataka)

ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്ത ശരണ്യ വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെയാണ് തടിയൻഡമോൾ ബേസ് ക്യാമ്പിലെത്തിയത്. തലേദിവസം യാവകപ്പാടിയിലെ ഹോംസ്റ്റേയിലായിരുന്നു താമസം. ഒറ്റയ്ക്ക് മലകയറാൻ അനുവാദമില്ലാത്തതിനാൽ രാവിലെ 8:15-ഓടെ മറ്റ് പത്തംഗ സംഘത്തോടൊപ്പമാണ് ശരണ്യയെ വനംവകുപ്പ് മുകളിലേക്ക് വിട്ടത്.

സാധാരണ ഗതിയിൽ അഞ്ച് മണിക്കൂർ കൊണ്ട് ട്രക്കിങ്ങ് പൂർത്തിയാക്കി തിരിച്ചെത്താം. എന്നാൽ കൂടെപ്പോയവർ മൂന്ന് പേരുടെ സംഘങ്ങളായി മടങ്ങിയെത്തിയിട്ടും ശരണ്യ തിരിച്ചെത്തിയില്ല. കൂടെയുണ്ടായിരുന്നവർ നൽകിയ വിവരം അനുസരിച്ച്, മുകളിൽ ഒരു നായയോടൊപ്പം കളിച്ചുനിൽക്കുന്ന ശരണ്യയെയാണ് അവർ അവസാനമായി കണ്ടത്.

ഉച്ചകഴിഞ്ഞിട്ടും കാണാതായതോടെ ഹോംസ്റ്റേ ഉടമ ശരണ്യയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. ഫോണിൽ കിട്ടിയപ്പോൾ തനിക്ക് വഴി തെറ്റിയെന്ന് ശരണ്യ അറിയിച്ചു. എന്നാൽ അതിനുശേഷം ഫോൺ സ്വിച്ച് ഓഫ് ആവുകയായിരുന്നു. ദീർഘദൂര ട്രക്കിങ്ങുകളിൽ സുരക്ഷാ മുൻകരുതലുകളെക്കുറിച്ച് കൃത്യമായ ധാരണയുള്ള ശരണ്യ സുരക്ഷിതയായിരിക്കുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. നിലവിൽ ഡ്രോണുകളും സ്നിഫർ നായകളും ഉപയോഗിച്ച് വനത്തിനുള്ളിൽ വിപുലമായ പരിശോധനയാണ് നടക്കുന്നത്. ചെങ്കുത്തായ പ്രദേശങ്ങളും വന്യജീവി സാന്നിധ്യവും തെരച്ചിലിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.

അതേസമയം, യുവതിയെ കണ്ടെത്താൻ കർണാടക സർക്കാരിന്റെ അടിയന്തര ഇടപെടൽ തേടി കെ.സി. വേണുഗോപാൽ എംപി. കർണാടക മുഖ്യമന്ത്രി, വനംമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവരുമായി സംസാരിച്ച അദ്ദേഹം, തെരച്ചിലിനായി പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ശരണ്യയുടെ പിതാവുമായി സംസാരിച്ച അദ്ദേഹം, സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പുനൽകി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.