കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനമുന്നയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ആർഎസ്എസുമായി ബന്ധമുള്ളത് യുഡിഎഫിനാണെന്നും ബിജെപിയെ കേരളത്തിൽ പ്രതിരോധിക്കുന്നത് സിപിഎം ആണെന്നും അദ്ദേഹം വ്യക്തമാക്കി.(VD Satheesan’s job is to lie, says MV Govindan)
നേമത്ത് ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചത് സിപിഎം ആണ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ വോട്ട് കണക്ക് പരിശോധിച്ചാൽ ആരാണ് ബിജെപിയെ സഹായിച്ചതെന്ന് വ്യക്തമാകും. ആർഎസ്എസിനെ നേരിടാൻ സിപിഎമ്മിന് ആരുടെയും സർട്ടിഫിക്കറ്റ് ആവശ്യമില്ല.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വി.ഡി. സതീശൻ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് ശുദ്ധ അസംബന്ധമാണ്. 1977-ലെ രാഷ്ട്രീയ സാഹചര്യം അടിയന്തരാവസ്ഥക്കെതിരെയുള്ള പോരാട്ടമായിരുന്നു. അന്ന് ജനസംഘവും മറ്റും ചേർന്ന് ജനതാ പാർട്ടിയായാണ് മത്സരിച്ചത്. കോൺഗ്രസ് അടിയന്തരാവസ്ഥയെ അനുകൂലിക്കുകയാണെന്ന് പറയാതെ പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു..
വർഗ്ഗീയതയ്ക്കെതിരെ സംസാരിക്കുന്നു എന്ന് അവകാശപ്പെടുന്ന സതീശൻ, ജമാഅത്തെ ഇസ്ലാമി യുഡിഎഫിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചപ്പോൾ മൗനം പാലിക്കുകയാണ്. കെ.എം. ഷാജി വർഗ്ഗീയതയുടെ മുഖമുദ്രയാണെന്നും ഷാജി എവിടെ മത്സരിച്ചാലും വർഗ്ഗീയത മാത്രമേ പറയൂ എന്നും ഗോവിന്ദൻ ആരോപിച്ചു. കേരളത്തിന്റെ വികസന നിലപാടുകൾക്കെതിരെ പ്രവർത്തിക്കുന്ന ഏക പ്രതിപക്ഷമാണ് ഇപ്പോഴത്തേതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാവിലെ എഴുന്നേറ്റാൽ ഉറങ്ങുന്നത് വരെ നുണ പറയലാണ് സതീശന്റെ പണിയെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.

