തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ പുറത്തുവന്നതിൽ വിശദീകരണവുമായി കടകംപള്ളി സുരേന്ദ്രൻ. പോറ്റിയുടെ വീട്ടിൽ ഒരു തവണ മാത്രമേ പോയിട്ടുള്ളൂ എന്ന് നേരത്തെ പറഞ്ഞത് ഓർമ്മപ്പിശക് മൂലമാണെന്ന് അദ്ദേഹം പറഞ്ഞു. കള്ളപ്രചാരണങ്ങളിലൂടെ പുകമറ സൃഷ്ടിച്ച് യഥാർത്ഥ കുറ്റവാളികളെ രക്ഷിക്കാനാണ് യുഡിഎഫും ബിജെപിയും ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.(UDF and BJP are trying to protect the real criminals, Kadakampally Surendran on Sabarimala gold theft case)
പോറ്റിയുടെ വീട്ടിൽ ഒരു കുട്ടിക്ക് മെമന്റോ നൽകുന്ന ചിത്രമാണ് ഇപ്പോൾ പ്രചരിക്കുന്നത്. മന്ത്രിയായിരുന്ന കാലത്ത് മണ്ഡലത്തിന് പുറത്തും ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കാറുണ്ടായിരുന്നു. അതിൽ വലിയ കാര്യമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉണ്ണിക്കൃഷ്ണൻ പോറ്റി ഇങ്ങനെയൊരാളാണെന്ന് അറിയില്ലായിരുന്നു. ഒരു യഥാർത്ഥ ഭക്തനായാണ് പോറ്റിയെ കരുതിയിരുന്നതെന്നും കടകംപള്ളി വ്യക്തമാക്കി. അധികാരത്തിൽ കയറി കച്ചവടം നടത്തുക എന്നത് മാത്രമാണ് യുഡിഎഫിന്റെ ലക്ഷ്യം. ആളുകളെ താറടിച്ച് സ്വാർത്ഥ താല്പര്യങ്ങൾ നേടിയെടുക്കാനാണ് അവർ ശ്രമിക്കുന്നത്. അഞ്ച് വർഷം മുൻപ് ബിരിയാണി ചെമ്പിലും ഈന്തപ്പഴത്തിലും സ്വർണ്ണം കടത്തിയെന്ന് ആരോപിച്ചിട്ടും ജനങ്ങൾ അത് വിശ്വസിച്ചില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.



