തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ പ്രധാന വാർഡുകളിൽ താമസിക്കുന്നവർക്കായി കേരള വാട്ടർ അതോറിറ്റിയുടെ (Kerala water authority water supply disruption) അടിയന്തര ജാഗ്രതാ നിർദ്ദേശം. വെള്ളയമ്പലം ജംഗ്ഷന് സമീപത്തുകൂടി കടന്നുപോകുന്ന വാട്ടർ അതോറിറ്റിയുടെ 700 എം.എം (700mm Premo Pipe line) പ്രിമോ പൈപ്പ് ലൈനിലുണ്ടായ അപ്രതീക്ഷിത ചോർച്ച പരിഹരിക്കുന്നതിനായി അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നഗരത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ജലവിതരണം പൂർണ്ണമായി തടസ്സപ്പെടും.
ജൂലൈ 21 ചൊവ്വാഴ്ച രാവിലെ 7:00 മണി മുതൽ ജൂലൈ 22 ബുധനാഴ്ച രാവിലെ 7:00 മണി വരെ നീളുന്ന 24 മണിക്കൂറാണ് ജലവിതരണ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വാട്ടർ അതോറിറ്റിയുടെ പാളയം, പാറ്റൂർ, കവടിയാർ സെക്ഷനുകൾക്ക് കീഴിൽ വരുന്ന താഴെ പറയുന്ന പ്രധാന വാർഡുകളിലെ ഉപഭോക്താക്കളെയാണ് ഈ തടസ്സം നേരിട്ട് ബാധിക്കുക.
ജലവിതരണം തടസ്സപ്പെടുന്ന പ്രധാന പ്രദേശങ്ങൾ:
ശാസ്തമംഗലം, വഴുതക്കാട്, ജഗതി
തൈക്കാട്, വലിയശാല, പാളയം
കുന്നുകുഴി, ഗൗരീശപ്പട്ടം, കണ്ണമ്മൂല
അണമുഖം, നന്തൻകോട്, കവടിയാർ
പേരൂർക്കട, കുറവൻകോണം, വഞ്ചിയൂർ
തമ്പാനൂർ, ശ്രീകണ്ഠേശ്വരം
പൈപ്പ് ലൈനിലെ ചോർച്ച വലിയ തോതിൽ ജലനഷ്ടത്തിന് കാരണമാകുന്നതിനാലാണ് പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കാൻ അതോറിറ്റി തീരുമാനിച്ചത്. ബുധനാഴ്ച രാവിലെ പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ ജലവിതരണം ഘട്ടങ്ങളായി പുനഃസ്ഥാപിക്കും. കനത്ത ജലക്ഷാമം നേരിടാൻ സാധ്യതയുള്ളതിനാൽ മേൽപ്പറഞ്ഞ വാർഡുകളിൽ താമസിക്കുന്ന ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും, ജലം സംഭരിച്ചു വെച്ച് വിവേകപൂർവ്വം ഉപയോഗിക്കണമെന്നും വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
Story Summary: Water supply will be disrupted for 24 hours from 7:00 AM on Tuesday, July 21 to 7:00 AM on Wednesday, July 22, in several wards under the Palayam, Pattoor, and Kowdiar sections in Thiruvananthapuram. The disruption is due to urgent repair works on a leak in the 700mm Premo pipe line near Vellayambalam junction. Wards including Sasthamangalam, Vazhuthacaud, Jagathy, Thycaud, Palayam, Kannammoola, Kowdiar, Peroorkada, Vanchiyoor, and Thampanoor will be affected. The Kerala Water Authority has advised consumers to store enough water and take necessary precautions.


