കൊച്ചി: തൊണ്ടിമുതൽ അട്ടിമറി കേസിൽ ആന്റണി രാജു എംഎൽഎ നൽകിയ അപ്പീലിൽ നിർണായക പ്രതികരണവുമായി കേരള ഹൈക്കോടതി. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി ആന്റണി രാജുവിനെ മൂന്ന് വർഷം തടവിനും പിഴയ്ക്കും ശിക്ഷിച്ചിരുന്നു. ഈ വിധി മരവിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.(There is only circumstantial evidence for all this, High Court on Antony Raju’s appeal)
വാദത്തിനിടെ ഹൈക്കോടതി ചില നിർണ്ണായക നിരീക്ഷണങ്ങൾ നടത്തി. ആര്, എവിടെ വെച്ച്, എപ്പോൾ തെളിവ് അട്ടിമറിച്ചുവെന്നതിന് വ്യക്തമായ തെളിവുണ്ടോ എന്ന് കോടതി ആരാഞ്ഞു. തൊണ്ടിമുതൽ കോടതിയിൽ നിന്ന് വാങ്ങിയെന്നതും തിരികെ നൽകിയെന്നതും കൊണ്ട് മാത്രം കൃത്രിമം നടന്നുവെന്ന് പറയാനാകുമോ എന്നും കോടതി ചോദിച്ചു.
നിലവിലെ കണ്ടെത്തലുകളെല്ലാം സാഹചര്യ തെളിവുകൾ മാത്രമല്ലേ എന്ന് കോടതി നിരീക്ഷിച്ചു. കേസിൽ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ എന്തുകൊണ്ട് അന്ന് കൂടെയുണ്ടായിരുന്ന സീനിയർ അഭിഭാഷകനെ പ്രതിയാക്കിയില്ല എന്നും കോടതി ചോദ്യമുയർത്തി.
ആന്റണി രാജുവിന്റെ ശിക്ഷ മരവിപ്പിക്കരുതെന്ന് സർക്കാർ കോടതിയിൽ ശക്തമായി വാദിച്ചു. ഇത് കേവലം ഒരു ക്രിമിനൽ കുറ്റമല്ലെന്നും നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്ന ഗുരുതരമായ കുറ്റകൃത്യമാണെന്നും സർക്കാർ ബോധിപ്പിച്ചു. പ്രതിഭാഗത്തിന് ഇളവ് നൽകുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും സർക്കാർ ചൂണ്ടിക്കാട്ടി.

