കൊല്ലം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉയർത്തിയ സംവാദ വെല്ലുവിളി സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. സംവാദം നല്ല കാര്യമാണെന്നും എന്നാൽ നിയമസഭ എന്ന വലിയ സംവാദ വേദിയിൽ നിന്ന് പ്രതിപക്ഷം ഒളിച്ചോടുകയായിരുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. കേരളത്തിന്റെ വികസനത്തിനായി പ്രതിപക്ഷം എന്ത് പങ്ക് വഹിച്ചുവെന്ന് വ്യക്തമാക്കിയാൽ സംവാദത്തിന് തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.(The place for the biggest debate is the Assembly, Chief Minister says he is ready for debate )
സഭയിൽ ചോദ്യങ്ങൾ ചോദിച്ചാൽ മറുപടി കിട്ടുമെന്ന് പ്രതിപക്ഷത്തിന് അറിയാമായിരുന്നു. എന്നിട്ടും എന്തിനാണ് അവർ സഭ തടസ്സപ്പെടുത്തിയത്? നിയമസഭയെ സംവാദത്തിന് ഉപയോഗിക്കുന്നതിന് പകരം അവർ അവിടെ കാട്ടിക്കൂട്ടിയത് എന്താണ്, മുഖ്യമന്ത്രി ചോദിച്ചു.
കേന്ദ്ര സർക്കാർ കേരളത്തെ അവഗണിച്ചപ്പോൾ പ്രതിപക്ഷം എന്തുകൊണ്ട് ശബ്ദമുയർത്തിയില്ല? ബിജെപിയെ നോവിക്കരുതെന്ന നിലപാടാണ് യുഡിഎഫിനെന്നും അദ്ദേഹം ആരോപിച്ചു. കേരളം കടക്കെണിയിലാണെന്നത് വെറും രാഷ്ട്രീയ പ്രചാരണം മാത്രമാണ്. നാടിന്റെ വികസനവും ക്ഷേമവും ഒരുമിച്ച് കൊണ്ടുപോകാൻ എൽഡിഎഫ് സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും കേരളത്തിന് ഉറച്ച സാമ്പത്തിക ഭദ്രതയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കോൺഗ്രസ് പ്രഖ്യാപിച്ച പദ്ധതികൾ വൈകുന്നതിനെ മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പരിഹസിച്ചു.
ചിലർ വാഗ്ദാനം മാത്രം നൽകുന്നവരാണ്. പണം വാഗ്ദാനം ചെയ്തവർ അത് നൽകുമോ എന്ന കാര്യത്തിൽ ആദ്യമേ സംശയമുണ്ടായിരുന്നു. വീട് നിർമ്മിച്ച് നൽകേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്, അത് ഞങ്ങൾ നിറവേറ്റും. സർക്കാർ പറഞ്ഞ വാക്ക് പാലിക്കുമ്പോൾ മറ്റുള്ളവർ വെറും വാക്കുകളിൽ ഒതുങ്ങുകയാണ്, അദ്ദേഹം പറഞ്ഞു.

