തൃശ്ശൂർ: എരുമപ്പെട്ടിയിൽ കിടപ്പുരോഗിയായ വയോധികയെ കടിച്ച് കൊന്ന തെരുവുനായയെ തല്ലിക്കൊന്നു. കടങ്ങോട് പഞ്ചായത്ത് അധികൃതർ നിയോഗിച്ച വന്യജീവി സംരക്ഷകൻ അർധരാത്രിയോടെ നായയെ വലയിലാക്കിയെങ്കിലും നാട്ടുകാർ ചേർന്ന് നായയെ തല്ലിക്കൊല്ലുകയായിരുന്നു. നായയ്ക്ക് പേവിഷബാധയുണ്ടോ എന്ന് സ്ഥിരീകരിക്കാൻ വിദഗ്ധ പരിശോധന നടത്തും.(Stray dog that bit elderly woman beaten to death)
വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. എരുമപ്പെട്ടി സ്വദേശിനി കാർത്യായനി (84) ആണ് തെരുവുനായയുടെ ക്രൂരമായ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്. കിടപ്പിലായിരുന്ന കാർത്യായനിയുടെ മുഖമടക്കം ശരീരമാസകലം നായ കടിച്ചുകീറി വികൃതമാക്കിയിരുന്നു.
കൂടെയുണ്ടായിരുന്ന മകനായ ദേവദാസനും നായയുടെ കടിയേറ്റു. ഇവർക്ക് ഭക്ഷണവുമായി കാർത്യായനിയുടെ ഇളയ മകൻ മണി എത്തിയപ്പോഴാണ് ചോര തളംകെട്ടിയ നിലയിൽ മൃതദേഹം കണ്ടത്. കാർത്യായനിയെയും മകനെയും ആക്രമിച്ച ശേഷം പുറത്തിറങ്ങിയ നായ സമീപത്തുള്ള വീട്ടിൽ ജോലിക്ക് എത്തിയവരെയും ആക്രമിച്ചു. പരിക്കേറ്റ മൂന്ന് നാട്ടുകാരെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകുകയും ചെയ്തു.
സംഭവത്തെത്തുടർന്ന് പോലീസും നാട്ടുകാരും ചേർന്ന് പ്രദേശത്ത് വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും ആദ്യഘട്ടത്തിൽ നായയെ കണ്ടെത്താനായില്ല. തുടർന്ന് അധികൃതർ ഇടപെട്ട് വന്യജീവി സംരക്ഷകനെ എത്തിക്കുകയായിരുന്നു. അർധരാത്രിയോടെ നായയെ കുടുക്കിയെങ്കിലും ജനക്കൂട്ടം നായയെ തല്ലിക്കൊല്ലുകയായിരുന്നു.

