തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ ഇതുവരെ സ്വീകരിച്ചിരുന്ന നിലപാടിൽ നിന്ന് സംസ്ഥാന സർക്കാർ പിന്നോട്ട് പോകുന്നു. സുപ്രീം കോടതി വിധിയെയും യുവതീപ്രവേശനത്തെയും അനുകൂലിച്ചിരുന്ന സർക്കാർ, ഇനി ശബരിമലയിൽ ആചാര സംരക്ഷണം വേണമെന്ന നിലപാടായിരിക്കും കോടതിയിൽ സ്വീകരിക്കുക. ഇത് സംബന്ധിച്ച പുതിയ സത്യവാങ്മൂലം സർക്കാർ കോടതിയിൽ നൽകും.(State government to change stance on Sabarimala women’s entry)
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിശ്വാസി സമൂഹത്തെ ഒപ്പം നിർത്തുകയാണ് ലക്ഷ്യം. സുപ്രീം കോടതി വിധിക്ക് പിന്നാലെ യുവതീപ്രവേശനത്തിന് അനുകൂലമായ നിലപാടിലായിരുന്നു സർക്കാർ. പുനഃപരിശോധനാ ഹർജികൾ പരിഗണിച്ചപ്പോഴും സർക്കാർ വിധിയെ പിന്തുണയ്ക്കുകയാണ് ചെയ്തത്.
തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരത്തെ തന്നെ തങ്ങളുടെ നിലപാട് മാറ്റം കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സർക്കാരും ഔദ്യോഗികമായി നിലപാട് തിരുത്തുന്നത്. ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കപ്പെടണമെന്ന ഭക്തരുടെ വികാരം കൂടി കണക്കിലെടുത്ത് നിലപാട് മാറ്റാൻ സർക്കാർ തീരുമാനിച്ചുവെന്നാണ് വിവരം. നാളെ കോടതി കേസ് പരിഗണിക്കുമ്പോൾ സർക്കാർ അഭിഭാഷകൻ ഈ പുതിയ നിലപാട് വ്യക്തമാക്കും.

