ചിക്കമഗളൂരു: കർണാടകയിലെ ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ കാണാതായി മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി പെൺകുട്ടി ശ്രീനന്ദയുടെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് (Sreenanda Chikmagalur Death Post-mortem Report). ഉയരത്തിൽ നിന്ന് വീണപ്പോൾ തലയുടെ വലതുഭാഗത്തേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. വീഴ്ചയുടെ ആഘാതത്തിൽ ശരീരത്തിലുടനീളം മുറിവുകളുണ്ടെന്നും പലയിടത്തും അസ്ഥികൾ പൊട്ടിയ നിലയിലാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ചെങ്കുത്തായ മലനിരകളിൽ നിന്ന് താഴേക്ക് വീഴുന്ന സമയത്ത് പാറകളിലും മരങ്ങളിലും തട്ടിയാണ് ശരീരത്തിൽ പരിക്കുകളുണ്ടായത്. ഇതൊരു സാധാരണ രീതിയിലുള്ള അപകടമരണമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് സ്ഥിരീകരിക്കുന്നു. കഴിഞ്ഞ ദിവസം മാണിക്യധാര വെള്ളച്ചാട്ടത്തിന് താഴെ 1500 അടി താഴ്ചയിൽ മരത്തിൽ കാല് കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ദുർഘടമായ ഭൂപ്രകൃതിയായതിനാൽ ഡ്രോൺ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്താനായത്.
മരണത്തിൽ നേരത്തെ കുടുംബം ചില സംശയങ്ങൾ പ്രകടിപ്പിച്ചിരുന്നുവെങ്കിലും, പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും നിലവിലെ പോലീസ് അന്വേഷണത്തിലും അവർ തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ശ്രീനന്ദയുടെ മൃതദേഹം പാലക്കാട് കടമ്പഴിപ്പുറത്തെ വീട്ടിലെത്തിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 12 മണിയോടെ തിരുവില്വാമല പാമ്പാടി ഐവർമഠം ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും.
Summary: The preliminary post-mortem report of Sreenanda, who died during a trip to Chikmagalur, confirms that there was nothing suspicious about her death. The cause of death was a severe head injury sustained from a fall from a significant height. The report noted multiple fractures and injuries caused by hitting rocks and trees during the fall. Sreenanda’s body was found 1500 feet deep in the Manikhyadhara waterfall area using a drone. Her funeral will take place today at Iwarmadom, Thiruvilwamala.

