Friday, February 20, 2026
HomeKeralaസ്ത്രീയുടെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവം: ഇടപെട്ട് സർക്കാർ, അടിയന്തര റിപ്പോർട്ട്...

സ്ത്രീയുടെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവം: ഇടപെട്ട് സർക്കാർ, അടിയന്തര റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി, ശസ്ത്രക്രിയ നടത്തിയത് താനല്ലെന്ന് ഡോ. ലളിതാംബിക | Scissors

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മയുടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവത്തിൽ സർക്കാർ അടിയന്തര ഇടപെടൽ നടത്തി. പുന്നപ്ര സ്വദേശിനി ഉഷാ ജോസഫിന് ഉണ്ടായ ഗുരുതരമായ ചികിത്സാപ്പിഴവിനെക്കുറിച്ച് സമഗ്രമായ റിപ്പോർട്ട് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ സമർപ്പിക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് മെഡിക്കൽ കോളേജ് സൂപ്രണ്ടിന് നിർദ്ദേശം നൽകി.(Scissors found in woman’s stomach, Government intervenes, Health Minister seeks urgent report)

2021 മെയ് 5-ന് നടന്ന ശസ്ത്രക്രിയയുടെ രേഖകൾ, അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ വിവരം എന്നിവ പരിശോധിച്ച് റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. 2021 മെയ് മാസത്തിൽ ഗർഭപാത്രത്തിലെ മുഴ നീക്കം ചെയ്യാനാണ് ഉഷ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ശസ്ത്രക്രിയ കഴിഞ്ഞ് രണ്ട് ദിവസത്തിനുള്ളിൽ ഡിസ്ചാർജ് ചെയ്തെങ്കിലും അന്നുമുതൽ കടുത്ത വയറുവേദന ആരംഭിച്ചു.

വേദനയുമായി പലതവണ മെഡിക്കൽ കോളേജിൽ എത്തിയെങ്കിലും മൂത്രത്തിൽ കല്ല് ആണെന്ന് പറഞ്ഞു. ദിവസങ്ങൾക്ക് മുൻപ് മൂത്രത്തിൽ നിന്ന് രക്തം വരാൻ തുടങ്ങിയതോടെ സ്വകാര്യ ലാബിൽ നടത്തിയ എക്സ്റേ പരിശോധനയിലാണ് അഞ്ച് വർഷമായി വേദനയ്ക്ക് കാരണമായത് വയറ്റിലെ കത്രികയാണെന്ന് തിരിച്ചറിഞ്ഞത്.

കുറ്റക്കാരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കുമെന്നാണ് ആരോഗ്യവകുപ്പ് വൃത്തങ്ങൾ അറിയിക്കുന്നത്. നിലവിൽ കെ സി വേണുഗോപാൽ എം പിയുടെ ഇടപെടലിൻ്റെ ഫലമായി കൊച്ചി അമൃത ആശുപത്രിയിൽ കഴിയുന്ന ഉഷയെ ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയേക്കും. വിദഗ്ധ ഡോക്ടർമാർ റിപ്പോർട്ട് പരിശോധിച്ച ശേഷം കത്രിക പുറത്തെടുക്കാനുള്ള നടപടികൾ സ്വീകരിക്കും. ഉഷയെ വിദഗ്ധ ഡോക്ടർമാർ പരിശോധിച്ച ശേഷം ശസ്ത്രക്രിയയുടെ സമയം നിശ്ചയിക്കുമെന്ന് മകൻ ഷിബിൻ അറിയിച്ചു. കൈയിൽ പണമില്ലാത്തതുകൊണ്ടാണ് ഞങ്ങൾ സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നത്. പാവപ്പെട്ടവർക്ക് മാത്രമല്ലേ ഇത്തരം കഷ്ടപ്പാടുകൾ ഉണ്ടാകാറുള്ളൂ? അല്ലാത്തവർക്ക് ഈ ഗതി വരില്ലല്ലോ എന്ന് ഷിബിൻ ചോദിച്ചു.

കടുത്ത വേദനയുമായി വണ്ടാനം മെഡിക്കൽ കോളേജിൽ വീണ്ടും എത്തിയപ്പോൾ മൂത്രത്തിൽ കല്ലാണ് എന്ന് പറഞ്ഞ് ഡോക്ടർമാർ പറഞ്ഞാണ് എക്സ്റേ എടുത്തതെന്ന് ഷിബിൻ പറഞ്ഞു. പരിശോധനയിലാണ് അഞ്ച് വർഷമായി വയറ്റിനുള്ളിൽ കിടക്കുന്ന കത്രിക കണ്ടെത്തിയത്. സംഭവത്തിൽ ഇന്ന് പോലീസിൽ ഔദ്യോഗികമായി പരാതി നൽകുമെന്ന് കുടുംബം വ്യക്തമാക്കി. കുറ്റക്കാരായ ഡോക്ടർമാർക്കെതിരെ കർശന നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം. 2021 മെയ് 5-നാണ് ഉഷയെ വണ്ടാനം മെഡിക്കൽ കോളേജിൽ ഗർഭപാത്രത്തിലെ മുഴ നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. അന്നത്തെ ശസ്ത്രക്രിയയ്ക്കിടെ ഡോക്ടർമാർ വയറ്റിൽ കത്രിക മറന്നുവെക്കുകയായിരുന്നു.

സംഭവത്തിൽ പ്രതികരണവുമായി ഡോ. ലളിതാംബിക രംഗത്തെത്തി. പുന്നപ്ര സ്വദേശിനി ഉഷാ ജോസഫിന്റെ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത് താനല്ലെന്നും ഈ വീഴ്ചയിൽ തനിക്ക് പങ്കില്ലെന്നും ഡോക്ടർ മാധ്യമങ്ങളോട് പറഞ്ഞു. ഉഷയ്ക്ക് ഇതിനു മുൻപും ശസ്ത്രക്രിയകൾ നടന്നിട്ടുണ്ട്. ഇപ്പോൾ കണ്ടെത്തിയ ഉപകരണം 20 വർഷം മുൻപ് നടന്ന ഏതെങ്കിലും ശസ്ത്രക്രിയയ്ക്കിടെ കുടുങ്ങിയതാകാൻ സാധ്യതയുണ്ട്. വണ്ടാനത്തെ ശസ്ത്രക്രിയയ്ക്കിടെയാണോ ഇത് സംഭവിച്ചതെന്ന് ഇപ്പോൾ പറയാനാകില്ല. വിശദമായ പരിശോധന നടത്തിയാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളൂ. ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് സിസ്റ്റത്തിന്റെ പരാജയം മൂലമാണ്. താൻ ആരിൽ നിന്നും ശസ്ത്രക്രിയയ്ക്കായി പണം വാങ്ങാറില്ലെന്നും അവർ കൂട്ടിച്ചേർത്തു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala