തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ജാമ്യത്തിലിറങ്ങിയ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും. ഓരോ വെള്ളിയാഴ്ചയും ചൊവ്വാഴ്ചയും ഉദ്യോഗസ്ഥർക്ക് മുന്നിലെത്തണമെന്ന കർശനമായ ജാമ്യവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് ഹാജരാകുന്നത്.(Sabarimala gold theft case, Unnikrishnan Potty to appear before SIT today)
അതേസമയം, കേസിലെ തന്ത്രിയുടെ ജാമ്യഹർജിയെ എതിർത്തുകൊണ്ടുള്ള റിപ്പോർട്ട് അന്വേഷണ സംഘം ഇന്ന് കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിക്കും. ഹർജിയിൽ തിങ്കളാഴ്ച വാദം തുടരും. ഏകദേശം 110 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് ഉണ്ണികൃഷ്ണൻ പോറ്റി ഇന്നലെ പുറത്തിറങ്ങിയത്. കേസിലെ മറ്റ് പ്രതികളായ മുരാരി ബാബു, ശ്രീകുമാർ, സുധീഷ് എന്നിവർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
ദ്വാരപാലക പാളി കേസിൽ ജനുവരി 21-ന് ജാമ്യം ലഭിച്ചു. കട്ടിളപ്പാളി കേസിൽ 90 ദിവസമായിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്ന് ഇന്നലെ കൊല്ലം വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചു. സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കണം തുടങ്ങിയ കർശന വ്യവസ്ഥകളോടെയാണ് മോചനം.
ഫെബ്രുവരി 11-ന് എൻ. വാസുവിനും, ഫെബ്രുവരി 20-ന് സി.പി.എം നേതാവ് പത്മകുമാറിനും അറസ്റ്റ് കഴിഞ്ഞ് 90 ദിവസം പൂർത്തിയാകും. പോറ്റിക്ക് മേൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിരീക്ഷണവും ശക്തമാണ്.

