തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിലെ മിനിസ്റ്റീരിയൽ ജീവനക്കാരുടെ പ്രൊമോഷൻ സാധ്യതകൾ സ്പെഷ്യൽ റൂൾ ഭേദഗതിയിലൂടെ തടഞ്ഞതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ആർ.ടി ഓഫീസുകളിൽ ഇന്ന് അധിക സമയം ജോലി ചെയ്ത് പ്രതിഷേധിക്കുന്നു. കേരള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിലാണ് രാത്രി എട്ട് മണി വരെ ജോലി ചെയ്തുകൊണ്ടുള്ള ഈ വേറിട്ട സമരം സംഘടിപ്പിക്കുന്നത്.(RTO employees in the state stage unique protest, Will work extra till 8 pm)
സർക്കാർ വകുപ്പുകളിലെ നിയമനം, യോഗ്യത, പ്രൊബേഷൻ, പ്രൊമോഷൻ തുടങ്ങിയവ നിശ്ചയിക്കുന്ന സ്പെഷ്യൽ റൂളുകളിൽ വരുത്തിയ ഭേദഗതിയാണ് പ്രതിഷേധത്തിന് ആധാരം. ഇത് മിനിസ്റ്റീരിയൽ ജീവനക്കാരുടെ സ്ഥാനക്കയറ്റ സാധ്യതകളെ സാരമായി ബാധിച്ചുവെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു. നേരത്തെ രണ്ട് വെഹിക്കിൾ ഇൻസ്പെക്ടർമാർക്ക് ജോയിന്റ് ആർ.ടി.ഒ ആയി സ്ഥാനക്കയറ്റം ലഭിക്കുമ്പോൾ ഒരു സീനിയർ സൂപ്രണ്ടിനും അതേ പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചിരുന്നു.
പുതിയ പരിഷ്കാരം അനുസരിച്ച് എട്ട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്ക് സ്ഥാനക്കയറ്റം ലഭിക്കുമ്പോൾ മാത്രമാണ് ഒരു സീനിയർ സൂപ്രണ്ടിന് ജോയിന്റ് ആർ.ടി.ഒ ആകാൻ അവസരം ലഭിക്കുന്നത്. ജോലി ബഹിഷ്കരിക്കാതെ, സർക്കാർ നിശ്ചയിച്ച സമയത്തിന് ശേഷവും അധിക സമയം ജോലി ചെയ്ത് സർക്കാരിനോട് തങ്ങളുടെ പ്രതിഷേധം അറിയിക്കുകയാണ് ജീവനക്കാർ.

