
തിരുവനന്തപുരം: പി വി അൻവർ എം എൽ എയ്‌ക്കെതിരെ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അൻവർ നീക്കം തുടങ്ങിയപ്പോള്‍ തന്നെ എങ്ങോട്ടാണ് കാര്യങ്ങൾ പോകുന്നതെന്ന് അറിയാമായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.(Pinarayi Vijayan supports P Sasi )
എന്നാല്‍, അത്തരം മുന്‍ധാരണകളോടെ കാര്യങ്ങളെ സമീപിക്കാത്ത സർക്കാർ,അദ്ദേഹം ഉന്നയിച്ച കാര്യങ്ങൾക്ക് ഒരു എം എൽ എ എന്ന പരിഗണന നൽകി അന്വേഷണത്തിന് സംവിധാനമൊരുക്കിയെന്നും, പിന്നീടുണ്ടായ മാറ്റം എല്ലാവരും കണ്ടുവെന്നും, അത് സി പി എം പാർലമെൻ്ററി അംഗത്വത്തില്‍ നിന്നും എല്‍ ഡി എഫില്‍ നിന്നും വിടുന്നതിലേക്ക് എത്തിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തെറ്റായ കാര്യങ്ങൾ ഏതെല്ലാം തരത്തില്‍ അവതരിപ്പിക്കാന്‍ കഴിയുമെന്ന ശ്രമം നടന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വർഗീയ ശക്തികൾ എല്ലാ കാലത്തും തങ്ങൾക്കെതിരെ പ്രവർത്തിക്കാറുണ്ടെന്നും, അത്തരം കളികളിൽ അൻവറും ചേർന്നുവെന്ന് വ്യക്തമായെന്നും പറഞ്ഞ പിണറായി, പുതിയൊരു പാര്‍ട്ടി രൂപീകരിച്ച് കാര്യങ്ങള്‍ നീക്കാനാണ് ശ്രമിക്കുന്നതെങ്കിൽ അതിനെയും നേരിടുമെന്നും വ്യക്തമാക്കി. വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
പി വി അൻവർ പി ശശിക്കെതിരെ ഉന്നയിച്ച ഗുരുതര ആരോപണങ്ങൾക്കും മുഖ്യമന്ത്രി മറുപടി നൽകി. അതെല്ലാം അൻവറിൻ്റെ ശീലത്തിൽ പറയുന്ന കാര്യങ്ങളാണെന്നും, തങ്ങളുടെ ഓഫീസിലെ ആളുകൾക്ക് അതൊന്നും ബാധകമല്ലെന്നും പറഞ്ഞ അദ്ദേഹം, അൻവറിൻ്റെ ബിസിനസ്സ് ഡീലിംഗ്സിൽ ഒത്തുതീർപ്പുകളോ ഇടപാടുകളോ ഉണ്ടാകാമെന്നും മറുപടി നൽകി. അത് നല്ല മാർഗ്ഗമല്ലെന്നും, അതിന് താൻ മറുപടി പറയാൻ നിൽക്കുന്നില്ലെന്നും പറഞ്ഞ മുഖ്യമന്ത്രി, അവജ്ഞയോടെ ആ അധിക്ഷേപങ്ങളെല്ലാം തള്ളികളയുന്നുവെന്നും കൂട്ടിച്ചേർത്തു.