Description
Digital Voice of Kerala
Thursday, March 12, 2026

Digital Voice of Kerala
HomeKeralaനെടുമങ്ങാട് നവജാത ശിശു മരണപ്പെട്ട സംഭവം: ഡോക്ടർക്ക് കൈക്കൂലി നൽകിയെന്ന് അച്ഛൻ്റെ...

നെടുമങ്ങാട് നവജാത ശിശു മരണപ്പെട്ട സംഭവം: ഡോക്ടർക്ക് കൈക്കൂലി നൽകിയെന്ന് അച്ഛൻ്റെ മൊഴി; മാതാപിതാക്കളുടെ മൊഴിയെടുത്തു, ഡോക്ടറുടെ സസ്‌പെൻഷനിൽ പ്രതിഷേധിച്ച് KGMOA | Newborn baby

🎙️ Latest Podcast

തിരുവനന്തപുരം: നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ ചികിത്സാപ്പിഴവിനെത്തുടർന്ന് നവജാതശിശു മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി കുഞ്ഞിന്റെ അച്ഛൻ. സിസേറിയൻ നടത്തിയ ഡോ. ബിന്ദു സുന്ദർ രണ്ട് തവണയായി കൈക്കൂലി വാങ്ങിയെന്ന് അച്ഛൻ മൊഴി നൽകി. ആരോഗ്യവകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച എസ്.എ.ടി ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരുടെ സമിതിക്ക് മുന്നിലാണ് രക്ഷിതാക്കൾ മൊഴി നൽകിയത്.(Nedumangad newborn baby death incident, Father’s statement that the doctor took bribe)

സിസേറിയന് മുന്നോടിയായി 5000 രൂപ വീതം രണ്ട് തവണയായി ഡോക്ടർക്ക് നൽകി. ചികിത്സയിൽ ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്നും കൃത്യസമയത്ത് പരിചരണം ലഭിച്ചില്ലെന്നും അദ്ദേഹം സമിതിയോട് പറഞ്ഞു. എസ്.എ.ടി ആശുപത്രിയിലെ പീഡിയാട്രിക്, ഗൈനക്കോളജി, അനസ്‌തേഷ്യ വിഭാഗങ്ങളിലെ മൂന്ന് വിദഗ്ധ ഡോക്ടർമാരാണ് സംഘത്തിലുള്ളത്. സംഘം ഇന്നലെ രാത്രി നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലെത്തി രേഖകൾ പരിശോധിക്കുകയും മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ ആരോപണവിധേയയായ ഡോ. ബിന്ദു സുന്ദറിനെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. പാലോട് സ്വദേശി നിരഞ്ജനയുടെയും ബിനിലിന്റെയും കുഞ്ഞാണ് മരിച്ചത്.

നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ നവജാത ശിശു മരിച്ച സംഭവത്തിൽ ഡോക്ടറെ സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ. മതിയായ അന്വേഷണം പൂർത്തിയാക്കുന്നതിന് മുൻപ് ബാഹ്യ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് നടപടിയെന്ന് ആരോപിച്ച സംഘടന, ഇന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ അടിയന്തര സേവനങ്ങൾ ഒഴികെയുള്ളവ ബഹിഷ്കരിക്കും.

ചികിത്സയ്ക്കിടെ സംഭവിക്കുന്ന സങ്കീർണ്ണതകളെ ചികിത്സാ പിഴവായി മുദ്രകുത്തി ആൾക്കൂട്ട വിചാരണ നടത്തുന്നത് അംഗീകരിക്കാനാവില്ല. ആശുപത്രി സൂപ്രണ്ടിനെയും ഡി.എം.ഒയെയും കൈയേറ്റം ചെയ്ത നടപടിയെ സംഘടന ശക്തമായി അപലപിച്ചു. ഡോക്ടർ കൈക്കൂലി വാങ്ങിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ഇതിന് തെളിവുകളില്ലെന്നും കെജിഎംഒഎ അവകാശപ്പെട്ടു. ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചവർക്കെതിരെ ആശുപത്രി സംരക്ഷണ നിയമപ്രകാരം കർശന നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.