കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്ത്. നുണ പറയുന്നതിൽ നോബൽ സമ്മാനം നൽകേണ്ടത് സതീശനാണെന്ന എം.വി. ഗോവിന്ദന്റെ പ്രസ്താവനയ്ക്ക്, കേരളത്തിലെ ഏറ്റവും വലിയ നുണയന്മാരിൽ ഒരാളാണ് ഗോവിന്ദനെന്ന് സതീശൻ തിരിച്ചടിച്ചു.(MV Govindan deserves the Nobel Prize in lying, VD Satheesan hits back)
എം.വി. ഗോവിന്ദന്റെ ആരോപണങ്ങൾ പരിഹാസത്തോടെ തള്ളിക്കളഞ്ഞ സതീശൻ, വീണ ജോർജിന്റെ കാര്യവും ചൂണ്ടിക്കാട്ടി. പെരും നുണയാണ് എം.വി. ഗോവിന്ദൻ പറഞ്ഞതെന്നും അദ്ദേഹം പരിഹസിച്ചു. മറ്റാരെങ്കിലും ഇങ്ങനെ നുണ പറയുമോ എന്നും അദ്ദേഹം ചോദിച്ചു.
പാലക്കാട് നിയസഭാ മണ്ഡലത്തിൽ ബിജെപിയെ വിജയിപ്പിക്കാൻ സിപിഎം രഹസ്യ ധാരണയുണ്ടാക്കിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യുഡിഎഫ് വോട്ടുകൾ ഭിന്നിപ്പിക്കാനായി പാലക്കാട് മനഃപൂർവ്വം ദുർബലനായ സ്ഥാനാർത്ഥിയെയാണ് സിപിഎം നിർത്തിയതെന്നും അദ്ദേഹം കൊച്ചിയിൽ ആരോപിച്ചു. പാലക്കാട് മണ്ഡലത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം മുൻനിർത്തിയാണ് സതീശന്റെ വിമർശനം.
കഴിഞ്ഞ തവണ കോൺഗ്രസ് 18,000 വോട്ടുകൾക്ക് ജയിച്ച മണ്ഡലമാണിത്. ബിജെപി രണ്ടാം സ്ഥാനത്തും സിപിഎം മൂന്നാം സ്ഥാനത്തുമായിരുന്നു. ഇത്തവണ ബിജെപിയെ സഹായിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കൊച്ചിയിൽ ട്വന്റി 20 മത്സരിക്കുന്ന സീറ്റുകൾ ഇതിന് ഉദാഹരണമാണ്. എൻഡിഎയിലെ ദുർബലരായ സ്ഥാനാർത്ഥികൾക്ക് സീറ്റ് നൽകിയത് ഇരു പാർട്ടികളും തമ്മിലുള്ള സീറ്റ് കൈമാറ്റത്തിന്റെ ഭാഗമാണെന്നും സതീശൻ പറഞ്ഞു.
കേന്ദ്ര സർക്കാരിനോടും ബിജെപി നേതൃത്വത്തോടും മുഖ്യമന്ത്രി പിണറായി വിജയൻ മൃദുസമീപനം സ്വീകരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ദേശീയപാത നൂറോളം സ്ഥലങ്ങളിൽ തകർന്നിട്ടും കേന്ദ്രത്തിനെതിരെ പരാതിപ്പെടാൻ സംസ്ഥാന സർക്കാർ തയ്യാറായില്ല. പകരം കേന്ദ്രമന്ത്രിയെ കാണാൻ പോയത് സമ്മാനവുമായാണ്. മോദിയും അമിത് ഷായും പറയുന്നിടത്തെല്ലാം ഒപ്പിടുന്ന ആളായി മുഖ്യമന്ത്രി മാറിയെന്നും അദ്ദേഹം പരിഹസിച്ചു. എൻ.കെ. പ്രേമചന്ദ്രനെ ‘പരനാറി’ എന്നും ജി. സുധാകരനെ ‘ചെറ്റത്തരം’ എന്നും വിശേഷിപ്പിച്ച മുഖ്യമന്ത്രിയുടെ നടപടി പൊതുരംഗത്ത് നിൽക്കുന്നവർക്ക് ചേർന്നതല്ല.
ഗണേഷ് കുമാറിനെ പിന്തുണയ്ക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടിനെയും സതീശൻ ചോദ്യം ചെയ്തു. സ്ത്രീകൾക്കൊപ്പം നിൽക്കുന്നുവെന്ന് കാണിക്കാൻ മുഖ്യമന്ത്രി ചായക്കപ്പ് പ്രദർശിപ്പിച്ചത് പി.ആർ. വർക്കിന്റെ ഭാഗമാണ്. മുഖ്യമന്ത്രി ഇപ്പോൾ ‘അവളോടൊപ്പമല്ല, അവനോടൊപ്പമാണ്’ നിൽക്കുന്നതെന്ന് സതീശൻ ആരോപിച്ചു. ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെയും സതീശൻ തുറന്നടിച്ചു. കച്ചവടക്കാരനായ രാജീവ് ചന്ദ്രശേഖറിന് രാഷ്ട്രീയം അറിയില്ലെന്നും അദ്ദേഹത്തിന് കോൺഗ്രസിനെ പഠിപ്പിക്കാൻ അർഹതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിൽ ഇടതുമുന്നണി ഹാട്രിക് വിജയം നേടി മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന് ആണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞത്. നിയമസഭാ തെരഞ്ഞെടുപ്പിൽ 110 സീറ്റുകളാണ് എൽഡിഎഫ് ലക്ഷ്യമിടുന്നതെന്നും വികസന വിരുദ്ധ നിലപാട് സ്വീകരിക്കുന്ന യുഡിഎഫിനും ബിജെപിക്കും ജനങ്ങൾ കടുത്ത തിരിച്ചടി നൽകുമെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
യുഡിഎഫ് എല്ലാ വികസന പ്രവർത്തനങ്ങളെയും പൂർണ്ണമായും തള്ളിപ്പറയുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി. നവകേരള നിർമ്മാണത്തിൽ യുഡിഎഫിന് ഒരു പങ്കും വഹിക്കാനായിട്ടില്ല എന്നത് ഇത്തവണത്തെ ജനവിധിയിൽ പ്രതിഫലിക്കും. കേന്ദ്രസർക്കാരിന്റെ കേരളത്തോടുള്ള അവഗണനയ്‌ക്കെതിരെ ഒരക്ഷരം മിണ്ടാൻ പോലും പ്രതിപക്ഷം തയ്യാറായില്ല.
പുതിയ കേരളം സൃഷ്ടിക്കുമെന്ന് എൽഡിഎഫ് നൽകിയ വാഗ്ദാനം ജനങ്ങൾക്ക് അനുഭവവേദ്യമായിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ കടുത്ത ഭാഷയിലാണ് എം.വി. ഗോവിന്ദൻ പ്രതികരിച്ചത്. രാവിലെ മുതൽ രാത്രി വരെ നുണപറയുന്നതിനാണ് സതീശന്റെ ശ്രമം. നുണപറയുന്നതിൽ നോബൽ സമ്മാനം കിട്ടാൻ അദ്ദേഹം അർഹനാണ്. സതീശൻ ഉന്നയിക്കുന്ന ചോദ്യങ്ങൾ മറുപടി പോലും അർഹിക്കുന്നില്ല, എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
സിപിഎമ്മിൽ നിന്ന് ചിലർ പുറത്തുപോകുന്നത് പാർട്ടിയെ ബാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അഞ്ചരലക്ഷം പാർട്ടി മെമ്പമാരും രണ്ടരലക്ഷം കാൻഡിഡേറ്റ് മെമ്പമാരുമുള്ള പാർട്ടിയിൽ നിന്ന് തെറ്റായ പ്രവണതകളെത്തുടർന്ന് പുറത്താക്കപ്പെട്ട അഞ്ചോ ആറോ പേർ പോയാൽ ഒരു പ്രശ്നവുമില്ല. തിരുത്തൽ പ്രക്രിയയുടെ ഭാഗമായി പാർട്ടിക്ക് ഒപ്പം നിൽക്കാൻ കഴിയാത്തവരാണ് പുറത്തുപോയതെന്നും എന്നാൽ കോൺഗ്രസിൽ എല്ലാവരും കൂട്ടത്തോടെയാണ് പോകുന്നതെന്നും അദ്ദേഹം പരിഹസിച്ചു. യുഡിഎഫും ബിജെപിയും വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും ഇതിനെതിരെയുള്ള ശക്തമായ വിധിയെഴുത്തായിരിക്കും വരാനിരിക്കുന്നതെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.

