വയനാട് : സുൽത്താൻ ബത്തേരിയിലെ വടക്കനാട്, വള്ളുവാടി മേഖലകളിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന കാട്ടാനയെ പിടികൂടാനുള്ള വനംവകുപ്പിന്റെ ദൗത്യം രണ്ടാം ദിവസത്തിലേക്ക്. ഇന്ന് പുലർച്ചെ ആനയെ മയക്കുവെടി വെക്കാൻ ശ്രമിച്ചെങ്കിലും ലക്ഷ്യം തെറ്റിയതിനെത്തുടർന്ന് ഇന്നത്തെ ദൗത്യം ആർ.ആർ.ടി (RRT) സംഘം താൽക്കാലികമായി അവസാനിപ്പിച്ചു.(Mission to capture the Wild elephant that caused panic in Wayanad continues )
ആനയെ ‘താത്തൂർ ടസ്കർ വൺ’ എന്നാണ് വനംവകുപ്പ് നാമകരണം ചെയ്തിരിക്കുന്നത്. നിലവിൽ വനപാലകരുടെ കർശന നിരീക്ഷണത്തിലാണ് ആനയുള്ളത്. മയക്കുവെടി വെച്ച് തളച്ച ശേഷം ആനയെ മുത്തങ്ങയിലെ ആനപ്പന്തിയിലേക്ക് മാറ്റാനാണ് അധികൃതരുടെ തീരുമാനം.
ദിവസങ്ങൾക്ക് മുൻപ് വടക്കനാട് പച്ചാടി സ്വദേശിയായ രജീവ് എന്ന യുവകർഷകൻ കൊല്ലപ്പെട്ടതോടെയാണ് ആനയെ പിടികൂടണമെന്ന ആവശ്യം ശക്തമായത്. രാത്രി കൃഷിയിടത്തിലിറങ്ങിയ ആനയെ തുരത്താൻ പോയ രജീവിനെ ആന ആക്രമിക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും തിരികെ വരാത്തതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇദ്ദേഹത്തെ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്.

