തിരുവനന്തപുരം: വിദ്യാർത്ഥി സംഘടനാ നേതാക്കളിൽ പലരും ലഹരിമരുന്നിന് അടിമകളാണെന്നും ശാസ്ത്രീയമായ പരിശോധന നടത്തിയാൽ ഇതിന്റെ സത്യാവസ്ഥ പുറത്തുവരുമെന്നും കേരള സർവകലാശാല വി.സി ഡോ. മോഹനൻ കുന്നുമ്മൽ പറഞ്ഞു. ക്യാമ്പസുകളിലെ അക്രമ രാഷ്ട്രീയത്തെയും പ്രതിഷേധ രീതികളെയും കടുത്ത ഭാഷയിലാണ് അദ്ദേഹം വിമർശിച്ചത്.(Many student organization leaders are drug addicts, Kerala University VC makes controversial remarks)
സംഘടനാ നേതാക്കളെ ലഹരി പരിശോധനയ്ക്ക് വിധേയമാക്കാൻ താൻ വെല്ലുവിളിക്കുന്നു. പരിശോധന നടത്തിയാൽ എത്രപേർ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് വ്യക്തമാകുമെന്ന് അദ്ദേഹം പറഞ്ഞു. ബസിന് കല്ലെറിയുന്നവരും റോഡിൽ ടയർ കത്തിക്കുന്നവരും അധ്യാപകരെ തടഞ്ഞുവെക്കുന്നവരും നാടിന്റെ കരുത്തല്ല. ഇത്തരം ‘തെമ്മാടികളെ’ ചെറുക്കുന്നവരിലൂടെയാണ് രാജ്യം വളരേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വി.സി എന്ന നിലയിൽ തന്നെയും ഗുണ്ടകളെ ഉപയോഗിച്ച് തടഞ്ഞുവെച്ചിട്ടുണ്ടെന്നും ഇത്തരം പ്രവണതകൾ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള സർവകലാശാലയിൽ വി.സിയും വിദ്യാർത്ഥി സംഘടനകളും തമ്മിൽ ദീർഘനാളായി നിലനിൽക്കുന്ന തർക്കങ്ങളുടെ തുടർച്ചയായാണ് ഈ പരാമർശം.

