കോഴിക്കോട്: കുന്ദമംഗലത്ത് ഉത്സവപ്പറമ്പിൽ വെച്ച് ക്രൂരമായ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു (Kozhikode Kunnamangalam murder case 20260. കുന്ദമംഗലം കളരിക്കണ്ടി സ്വദേശി ഏറോചുടല വീട്ടിൽ ബാബു (46) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ചത്. സ്വത്ത് തർക്കത്തെത്തുടർന്നുള്ള മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പ്രാഥമിക നിഗമനത്തിൽ എത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം പുലർച്ചെ വീട്ടിൽ ഉറങ്ങുകയായിരുന്ന ബാബുവിനെ ഒരു സംഘം ആളുകൾ വിളിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു.
മർദ്ദനം: സമീപത്തെ ക്ഷേത്രത്തിൽ ഉത്സവം നടക്കുന്ന സ്ഥലത്തേക്കാണ് ഇവർ ബാബുവിനെ കൊണ്ടുപോയത്. അവിടെ വെച്ച് കൂടുതൽ ആളുകൾ ചേർന്ന് ബാബുവിനെ ക്രൂരമായി മർദ്ദിച്ചു.
തലയ്ക്ക് ഗുരുതരമായി അടിയേറ്റ ബാബു മർദ്ദനത്തിന് ശേഷം വീട്ടിലെത്തിയെങ്കിലും ആരോഗ്യനില വഷളായി. തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ കുന്ദമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബാബുവിന്റെ ഒരു ബന്ധുവിനെ പോലീസ് ഇതിനോടകം കസ്റ്റഡിയിൽ എടുത്തതായാണ് സൂചന. കുടുംബാംഗങ്ങൾ തമ്മിലുള്ള സ്വത്ത് തർക്കമാണ് അക്രമത്തിലേക്ക് നയിച്ചതെന്ന മൊഴികൾ പോലീസ് പരിശോധിച്ചു വരികയാണ്.
മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ആക്രമണത്തിൽ പങ്കെടുത്ത മറ്റ് പ്രതികൾക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

