കോഴിക്കോട്: കോഴിക്കോട് ചെറുവണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിനുള്ളിൽ തീപിടിച്ച് ആറുമാസം ഗർഭിണിയായ യുവതി മരിച്ചതിന് പിന്നാലെ, ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭർത്താവും മരണത്തിന് കീഴടങ്ങി (Kozhikode car fire death Rajin Lal). ചെറുവണ്ണൂർ പൂവുത്തുംചാലിൽ സ്വദേശി രജിൻ ലാലാണ് (38) കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ചത്. കുടുംബവഴക്കിനെ തുടർന്ന് ഭാര്യ സോന കാറിനുള്ളിൽ തീ കൊളുത്തിയതാണെന്ന നിഗമനത്തിലാണ് പോലീസ്.
കഴിഞ്ഞ മെയ് 15-നായിരുന്നു കേരളത്തെ നടുക്കിയ ഈ ദാരുണ സംഭവം നടക്കുന്നത്. പാലേരി കുയിമ്പിൽ കള്ളിക്കണ്ടി മീത്തൽ സ്വദേശിയായ സോന സംഭവദിവസം തന്നെ മരണപ്പെട്ടിരുന്നു. ഇരുവരും തമ്മിൽ ദീർഘനാളായി കടുത്ത കുടുംബതർക്കങ്ങൾ നിലനിന്നിരുന്നതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ചെറുവണ്ണൂർ കക്കറമുക്ക് എടോളിത്താഴെ വെച്ചായിരുന്നു സംഭവം. ആറുമാസം ഗർഭിണിയായ സോനയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയയാക്കിയ ശേഷം കാറിൽ വീട്ടിലേക്ക് തിരിച്ചുപോകുകയായിരുന്നു ദമ്പതികൾ. ചെറുവണ്ണൂരിൽ നിന്നും കക്കറമുക്ക് റോഡിൽ എടോളിത്താഴെ എത്തിയപ്പോൾ പെട്ടെന്ന് കാറിനുള്ളിൽ നിന്നും തീ പടരുകയായിരുന്നു.
അപകടസമയത്ത് സോന കാറിന്റെ പിൻസീറ്റിൽ കിടക്കുകയായിരുന്നു. കാറിൽ നിന്നും പെട്ടെന്ന് തീ ഉയർന്നതോടെ ഡ്രൈവിംഗ് സീറ്റിലായിരുന്ന രജിൻ ലാൽ വണ്ടി നിർത്തി പുറത്തിറങ്ങി. തുടർന്ന് പിൻസീറ്റിലുണ്ടായിരുന്ന സോനയെ രക്ഷപ്പെടുത്താൻ ഇയാൾ പരമാവധി ശ്രമിച്ചെങ്കിലും കാറിനുള്ളിലേക്ക് തീ ആളിപ്പടർന്നതിനാൽ അതിന് സാധിച്ചില്ല. സോനയെ പുറത്തെടുക്കാനുള്ള ശ്രമത്തിനിടയിലാണ് രജിൻ ലാലിന് ശരീരത്തിൽ 80 ശതമാനത്തിലധികം ഗുരുതരമായി പൊള്ളലേറ്റത്.
നാട്ടുകാരും ഫയർഫോഴ്സും എത്തിയാണ് പിന്നീട് തീ അണച്ചതും രജിൻ ലാലിനെ ആശുപത്രിയിലേക്ക് മാറ്റിയതും. സംഭവത്തിൽ പെരുമ്പ്ര പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. കാറിനുള്ളിലേക്ക് തീ പടരാൻ ഉപയോഗിച്ച പെട്രോൾ അടക്കമുള്ള കത്തുന്ന ദ്രാവകങ്ങൾ സോന നേരത്തെ തന്നെ കാറിൽ കരുതിയിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ ഫോറൻസിക് പരിശോധനയിലൂടെ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
Story Summary: Rajin Lal, who sustained severe burn injuries after his car caught fire in Kozhikode, has passed away at Kozhikode Medical College. His 6-month pregnant wife, Sona, died on May 15, and police suspect it to be a case of self-immolation inside the car due to family disputes.

