കൊച്ചി: ആഗോള വിപണിയിൽ എണ്ണവില കുറഞ്ഞതിന് പിന്നാലെ സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധനവ്. ഇന്ന് പവന് ഒറ്റയടിക്ക് 2760 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 1,07,560 രൂപയിലെത്തി. ഗ്രാമിന് 345 രൂപ വർധിച്ച് 13,445 രൂപയാണ് ഇന്നത്തെ നിരക്ക്. (Kerala Gold price hiked, know about today’s rate )
പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ അയവു വരുത്തുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനുമായി ചർച്ചകൾ ആരംഭിച്ചതോടെ ആഗോള വിപണിയിൽ എണ്ണവില കുറയാൻ തുടങ്ങിയിരുന്നു. ഇതിന് പിന്നാലെ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടിയതാണ് വില വീണ്ടും ഒരു ലക്ഷത്തിന് മുകളിൽ കുതിക്കാൻ കാരണമായത്.
ഈ മാസത്തിന്റെ തുടക്കത്തിൽ രേഖപ്പെടുത്തിയ 1,26,920 രൂപയാണ് ഏറ്റവും ഉയർന്ന നിരക്ക്. മാർച്ച് 23-ന് സ്വർണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തിയിരുന്നു. മൂന്നാഴ്ചയ്ക്കിടെ ഏകദേശം 27,000 രൂപയുടെ കുറവ് രേഖപ്പെടുത്തിയ ശേഷമാണ് ഇപ്പോൾ വീണ്ടും വില ഉയരുന്നത്.

