തിരുവനന്തപുരം: ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിൽ വിവിധ മേഖലകളിലെ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസകരമായ പ്രഖ്യാപനങ്ങൾ. സേവന മേഖലയിലുള്ളവർക്കും ജനപ്രതിനിധികൾക്കും വേതന വർധനവ് പ്രഖ്യാപിച്ചതിനൊപ്പം, സർക്കാർ ജീവനക്കാരുടെ ദീർഘകാലമായുള്ള ആവശ്യങ്ങളിലും അനുകൂലമായ തീരുമാനമുണ്ടായി.(Kerala Budget 2026, Important things to know)
അടിത്തട്ടിൽ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് ജീവനക്കാർക്കാണ് ഈ പ്രഖ്യാപനം ഗുണകരമാകുന്നത്: അങ്കണവാടി ജീവനക്കാർക്ക് പ്രതിമാസം 1000 രൂപയും ഹെൽപ്പർമാർക്ക് 500 രൂപയും വർധിപ്പിച്ചു. ആശാ വർക്കർമാരുടെ പ്രതിമാസ വേതനത്തിൽ 1000 രൂപയുടെ വർധനവ്. പ്രീ-പ്രൈമറി അധ്യാപകർക്ക് 1000 രൂപയും സ്കൂൾ പാചക തൊഴിലാളികൾക്ക് ദിവസ വേതനത്തിൽ 25 രൂപയും കൂട്ടി. സാക്ഷരതാ പ്രേരക്മാർക്കും ലൈബ്രേറിയന്മാർക്കും 1000 രൂപയുടെ വർധനവ് പ്രഖ്യാപിച്ചു.
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വൻ പ്രഖ്യാപനങ്ങൾ. ജീവനക്കാരുടെ ശമ്പള പരിഷ്കരണവും കുടിശ്ശികയുള്ള ആനുകൂല്യങ്ങളും ബജറ്റിൽ ഇടംപിടിച്ചു. നിലവിലുള്ള ഡി.എ/ഡി.ആർ എല്ലാ ഗഡുക്കളും പൂർണ്ണമായും നൽകും. ഒരു ഗഡു ഫെബ്രുവരിയിലെ ശമ്പളത്തിനൊപ്പവും ബാക്കിയുള്ളവ മാർച്ച് മാസവും ലഭിക്കും. പുതിയ ശമ്പള പരിഷ്കരണത്തിനായി കമ്മീഷനെ പ്രഖ്യാപിച്ചു. മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.
അഷ്വേർഡ് പെൻഷൻ പങ്കാളിത്ത പെൻഷന് പകരമായി ഏപ്രിൽ 1 മുതൽ നിലവിൽ വരും. പത്രപ്രവർത്തക പെൻഷനിൽ 1500 രൂപയുടെ വർധനവ് വരുത്തി. ക്യാൻസർ, കുഷ്ഠം, ക്ഷയം, എയ്ഡ്സ് ബാധിതരുടെ പെൻഷൻ 1000 രൂപയിൽ നിന്ന് 2000 രൂപയായി ഉയർത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങൾ, കൗൺസിലർമാർ, ഭാരവാഹികൾ എന്നിവരുടെ ഓണറേറിയം വർധിപ്പിക്കാനുള്ള ധനകാര്യ കമ്മീഷൻ ശുപാർശ സർക്കാർ അംഗീകരിച്ചു. പുതുക്കിയ നിരക്കുകൾ 2026 ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരും.
സംസ്ഥാനത്തെ ഇടത്തരക്കാരെയും സാധാരണക്കാരെയും ഒരുപോലെ ചേർത്തുപിടിക്കാനുള്ള ശ്രമമാണ് ഈ ബജറ്റ് ലക്ഷ്യമിടുന്നത്. പ്രത്യേകിച്ചും വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ക്ഷേമ പദ്ധതികൾക്ക് ബജറ്റിൽ മുൻഗണന നൽകിയിട്ടുണ്ട്.