കാസർഗോഡ്: നെല്ലിക്കുന്ന് തീരത്ത് തലയില്ലാത്ത നിലയിൽ കണ്ടെത്തിയ പുരുഷന്റെ മൃതദേഹത്തിന് പിന്നിലെ ദുരൂഹത തുടരുന്നു. കടലിൽ ഒഴുകി കരയ്ക്കടിഞ്ഞ മൃതദേഹം മുൻപ് പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. മൃതദേഹത്തിന്റെ നെഞ്ചിലും വയറിലും കണ്ട വിചിത്രമായ മുറിവുകൾ മുൻപ് നടത്തിയ പോസ്റ്റ്‌മോർട്ടം ശസ്ത്രക്രിയയുടെ ഭാഗമായിട്ടുള്ളതാണെന്ന് വിശദമായ പരിശോധനയിൽ വ്യക്തമായി.(Kasaragod headless body case, Investigation Continues )
നെല്ലിക്കുന്ന് ബീച്ചിൽ മത്സ്യത്തൊഴിലാളികളാണ് ആദ്യം മൃതദേഹം കണ്ടെത്തിയത്. തുടർന്ന് കാസർകോട് കോസ്റ്റൽ പോലീസും ടൗൺ പോലീസും സ്ഥലത്തെത്തി നടപടികൾ സ്വീകരിക്കുകയായിരുന്നു. ശരീരത്തിൽ വലിയ മുറിവുകൾ കണ്ടതിനെ തുടർന്ന് ഇത് കൊലപാതകമാണെന്ന രീതിയിൽ ആദ്യം ശക്തമായ സംശയങ്ങൾ ഉയർന്നിരുന്നു.
എന്നാൽ ഇൻക്വസ്റ്റിന് ശേഷം നടത്തിയ വിശദമായ പോസ്റ്റ്‌മോർട്ടത്തിലാണ് നിർണ്ണായക വിവരങ്ങൾ പുറത്തുവന്നത്. മൃതദേഹം മുൻപ് കീറിമുറിച്ച് പരിശോധിച്ചിട്ടുള്ളതാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. പൂർണ്ണമായും അഴുകിയ നിലയിലുള്ള മൃതദേഹത്തിന് ഒരു മാസത്തിലധികം പഴക്കമുണ്ട്.
തലയും കൈപ്പത്തികളും വേർപെട്ട നിലയിലാണ് കണ്ടെത്തിയത്. മൃതദേഹം ആരുടേതാണെന്ന് ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. കർണ്ണാടക, മംഗളൂരു തുടങ്ങിയ അയൽ സംസ്ഥാനങ്ങളിലെ തീരദേശ സ്റ്റേഷനുകളിലെ കാണാതായവരുടെ വിവരങ്ങൾ കാസർകോട് പോലീസ് നിലവിൽ ശേഖരിക്കുന്നുണ്ട്. മൃതദേഹത്തിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് ഡിഎൻഎ പരിശോധനയ്ക്ക് അയക്കാനാണ് പോലീസിന്റെ തീരുമാനം.
Story Summary
The mystery deepens over a headless male body washed ashore at Nellikunnu beach in Kasaragod, as post-mortem reports confirm the body had previously undergone an autopsy elsewhere. Investigators suspect the highly decomposed body, missing its head and palms, drifted from neighboring states like Karnataka or Goa during rough seas.


