തിരുവനന്തപുരം: ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിലുണ്ടായ അപകടത്തിൽ താൻ പരിഭ്രാന്തനായെന്ന് മണിയൻപിള്ള രാജു പറഞ്ഞു. ചിക്കൻഗുനിയ ബാധിതനാണെന്നും അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു.(It’s a relief that nothing major happened, Maniyanpilla Raju responds to the accident )
അപകടം നടന്നപ്പോൾ താൻ വല്ലാതെ പേടിച്ചുപോയി എന്നും, തിരിഞ്ഞു നോക്കിയപ്പോൾ അവർ എഴുന്നേറ്റ് നിൽക്കുന്നത് കണ്ടുവെന്നും പറഞ്ഞ നടൻ, ആ സമയത്ത് തനിക്ക് അവരെ സഹായിക്കാൻ കഴിയുമായിരുന്നില്ല എന്നും, ഭാര്യയും വീട്ടിൽ തനിച്ചായിരുന്നുവെന്നും, അതുകൊണ്ടാണ് അപ്പോൾ തന്നെ വീട്ടിലേക്ക് പോയത് എന്നും കൂട്ടിച്ചേർത്തു.
വീട്ടിലെത്തിയ ഉടൻ തന്നെ ക്ലബ്ബിലും പോലീസിലും വിളിച്ച് വിവരം അറിയിച്ചിരുന്നു. രാവിലെ വന്നാൽ മതിയെന്ന് പോലീസ് അറിയിച്ചതായും അദ്ദേഹം പറഞ്ഞു. യുവാക്കൾക്ക് കാര്യമായി ഒന്നും സംഭവിക്കാത്തത് വലിയ ആശ്വാസമാണ്. ആർക്കെങ്കിലും എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ ഈ ജന്മം പാഴായിപ്പോയേനെ എന്ന് പറഞ്ഞ അദ്ദേഹം, ഒന്നും പറ്റാത്തതിൽ ദൈവത്തിന് നന്ദി പറയുന്നു എന്നും വ്യക്‌തമാക്കി.
അതേസമയം, സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ട്രിവാൻഡ്രം ക്ലബ്ബിൽ നിന്ന് റോഡിലേക്ക് കാർ ഇറക്കുന്നതും ബൈക്ക് യാത്രക്കാരെ ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. അപകടത്തിൽ പരിക്കേറ്റ നിവേദിത്, സൂരജ് എന്നിവർ നടനെതിരെ പരാതിയുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കി. കാർ റോഡിലേക്ക് വരുന്നത് കണ്ട് ഹോൺ അടിച്ചിട്ടും നിർത്താതെ വന്ന് ഇടിക്കുകയായിരുന്നു. ഇടിച്ച ശേഷം ബൈക്കിനെ നിരക്കി കൊണ്ടുപോയി. യുവാക്കൾ റോഡിൽ തെറിച്ചുവീണിട്ടും വണ്ടിയോടിച്ചു പോയി. ഏറെ നേരം റോഡിൽ കിടന്ന തങ്ങളെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചതെന്ന് യുവാക്കൾ പറഞ്ഞു. നിവേദിതിന് ഉടൻ ശസ്ത്രക്രിയ നടത്തും; സൂരജിന്റെ ശസ്ത്രക്രിയ പൂർത്തിയായി. സംഭവത്തിൽ പോലീസിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയരുന്നത്. 12 മണിക്കൂറിന് ശേഷമാണ് പരിശോധന നടത്തിയത്.
ടെന്നീസ് ക്ലബ്ബിന് പിന്നിലാണ് വോൾവോ കാർ കണ്ടെത്തിയത്. തന്റെ വാഹനത്തിൽ ബൈക്ക് വന്നിടിക്കുകയായിരുന്നുവെന്നും പേടിച്ചാണ് നിർത്താതെ പോയതെന്നുമാണ് മണിയൻപിള്ള രാജുവിന്റെ മൊഴി. എന്നാൽ സിസിടിവി ദൃശ്യങ്ങൾ ഇതിന് വിരുദ്ധമാണ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
സംഭവത്തിൽ നടൻ മണിയൻപിള്ള രാജുവിൻ്റെ അറസ്റ്റ് മ്യൂസിയം പൊലീസ് രേഖപ്പെടുത്തി അദ്ദേഹത്തെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. അപകടകരമായ രീതിയിൽ വാഹനം ഓടിക്കൽ, അപകടമുണ്ടാക്കി നിർത്താതെ പോകൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് നടപടി. സ്റ്റേഷനിൽ ഹാജരായ നടനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധനയും അപകടം നടന്ന സ്ഥലത്തെത്തിച്ചുള്ള തെളിവെടുപ്പും പൂർത്തിയാക്കിയ ശേഷമാണ് നടപടി. അപകടമുണ്ടാക്കിയ മണിയൻപിള്ള രാജുവിന്റെ വോൾവോ കാർ പോലീസ് കണ്ടെടുത്തു. ടെന്നീസ് ക്ലബിന് പിന്നിലായിരുന്നു വാഹനം ഉണ്ടായിരുന്നത്.
അറസ്റ്റിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കവെ, അപകടത്തിന് ശേഷം വാഹനം നിർത്താതെ പോയത് തെറ്റാണെന്ന് അദ്ദേഹം സമ്മതിച്ചു. രാത്രി തന്നെ വിവരം മ്യൂസിയം പൊലീസിനെ അറിയിച്ചിരുന്നുവെന്നും രാവിലെ വന്നാല്‍ മതിയെന്നു പറഞ്ഞുവെന്നുമാണു രാജു മാധ്യമങ്ങളോടു പ്രതികരിച്ചത്. യുവാക്കൾ എൻ്റെ വാഹനത്തിൽ വന്നിടിക്കുകയായിരുന്നു. ഞാൻ ഒരു ക്യാൻസർ പേഷ്യൻ്റാണ്. ആ ശബ്ദം കേട്ട ഉടനെ പാനിക് ആയിപ്പോയി. അതുകൊണ്ടാണ് വാഹനം നിർത്താതെ പോയത്. ഉടൻ തന്നെ സുഹൃത്തിനെ വിളിച്ച് വിവരം അറിയിച്ചിരുന്നുവെന്നും മണിയൻപിള്ള രാജു പറഞ്ഞു. ആംബുലൻസ് ഏർപ്പാടാക്കാൻ പറഞ്ഞിരുന്നുവെന്നും കൂട്ടിച്ചേർത്തു. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടമുണ്ടായത്. ‘KL 01 CJ 04’ നമ്പറുള്ള കാറാണ് ബൈക്കിലിടിച്ചത്. വാഹന ഉടമ സുധീർകുമാർ രാജു ആണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അപകടത്തിന് പിന്നാലെ നടൻ്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.

