കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശനെ കേരള ഹൈക്കോടതി നീക്കി. അന്തരിച്ച പ്രൊഫ. എം.കെ. സാനു ഉൾപ്പെടെയുള്ളവർ നൽകിയ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് ടി.ആർ. രവിയുടെ സുപ്രധാന ഉത്തരവ്. കമ്പനി നിയമപ്രകാരമുള്ള നടപടികൾ പാലിച്ചില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി സ്വീകരിച്ചത്.(High Court removes Vellappally Natesan from the post of SNDP General Secretary)
സംഘടനയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കണമെന്നും ജനറൽ സെക്രട്ടറി പദവിയിൽനിന്ന് നീക്കണമെന്നുമായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം. കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള എസ്എൻഡിപി യോഗം 2006-ന് ശേഷം കൃത്യമായ കണക്കുകൾ ബോധിപ്പിച്ചിട്ടില്ലെന്ന് കോടതി കണ്ടെത്തി. ഇത് നിയമപരമായ ചട്ടങ്ങളുടെ ഗുരുതരമായ ലംഘനമാണെന്ന് കോടതി വിലയിരുത്തി.
കണക്കുകൾ ബോധിപ്പിക്കാത്ത പശ്ചാത്തലത്തിൽ നിലവിലെ ഭരണസമിതിക്ക് അധികാരത്തിൽ തുടരാൻ യോഗ്യതയില്ലെന്ന് ഹർജിക്കാർ വാദിച്ചു. ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു. വെള്ളാപ്പള്ളി നടേശനെ മാറ്റി സംഘടനയുടെ ദൈനംദിന ഭരണത്തിനായി അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കണമെന്ന ആവശ്യവും ഹർജിയിലുണ്ടായിരുന്നു.

