കോഴിക്കോട്: വയനാട് പുനരധിവാസത്തിനായി ഡി വൈ എഫ് ഐ സമാഹരിച്ച തുക സർക്കാരിന് കൈമാറിയതിനെച്ചൊല്ലിയുള്ള വിവാദത്തിൽ അബിൻ വർക്കിക്ക് മറുപടിയുമായി വി. വസീഫ്. ഡി വൈ എഫ് ഐ അധ്വാനിച്ചുണ്ടാക്കിയ 20 കോടി രൂപയാണ് സർക്കാരിന് കൈമാറിയതെന്നും ഇതിന്റെ കൃത്യമായ രേഖകൾ സംഘടനയുടെ കൈവശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.(Hard-earned money was handed over to the Govt for Wayanad rehabilitation, DYFI releases documents )
ടൗൺഷിപ്പ് പദ്ധതിക്കായി പണം കൈമാറിയതിന്റെ രേഖകൾ വസീഫ് വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ചു. പ്രതീകാത്മകമായി ചെക്ക് കൈമാറിയപ്പോൾ അതിൽ ‘CMDRF’ എന്ന് രേഖപ്പെടുത്തിയതിനെയാണ് യൂത്ത് കോൺഗ്രസ് ഇപ്പോൾ ആക്ഷേപമായി ഉയർത്തുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. ദുരന്തസമയത്ത് 30 വീടുകൾ നിർമ്മിച്ചു നൽകുമെന്ന് പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസ് ഇപ്പോൾ അതിനെക്കുറിച്ച് മിണ്ടുന്നില്ല. ആ 30 വീടുകൾക്കായി പിരിച്ച പണത്തിന്റെ കണക്ക് പുറത്തുവിടാൻ യൂത്ത് കോൺഗ്രസിന് ധൈര്യമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
വാക്ക് വിശ്വസിച്ച് കാത്തിരിക്കുന്ന ദുരന്തബാധിതരോട് യൂത്ത് കോൺഗ്രസ് മാപ്പ് പറയണമെന്നും വസീഫ് ആവശ്യപ്പെട്ടു. കായംകുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി യു. പ്രതിഭക്കെതിരെ യുഡിഎഫ് നേതാവ് ഇർഷാദ് നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിലും ഡി വൈ എഫ് ഐ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സ്വന്തം മുന്നണിയിലെ നേതാവ് നടത്തിയ അധിക്ഷേപത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മറുപടി പറയണമെന്നും ഇർഷാദിനെ തിരുത്താൻ യുഡിഎഫ് നേതൃത്വം തയ്യാറാകണമെന്നും വസീഫ് ആവശ്യപ്പെട്ടു.

