കാസർഗോഡ്: മൗവ്വലിൽ വിവാഹാഘോഷത്തിനിടെ പടക്കം പൊട്ടിക്കുന്നതിനിടെ പന്തലിന് തീപിടിച്ചു. മീത്തൽ മൗവ്വൽ സ്വദേശിയുടെ വീടിന് മുന്നിലാണ് അപകടമുണ്ടായത്. നിരവധി പേർ പന്തലിന് സമീപം ഉണ്ടായിരുന്ന സമയത്താണ് തീ പടർന്നത്. നാട്ടുകാർ ഉടൻതന്നെ ഇടപെട്ട് തീയണച്ചതിനാൽ വലിയൊരു അപകടം ഒഴിവായി.(Fire breaks out during wedding celebrations, A major disaster averted)
വരന്റെ വീട്ടുകാർ വിവാഹവീട്ടിലേക്ക് എത്തിയപ്പോഴാണ് പടക്കം പൊട്ടിച്ച് ആഘോഷം തുടങ്ങിയത്. ഇതിനിടെ പടക്കത്തിൽ നിന്നുള്ള തീപ്പൊരി പന്തലിന് മുന്നിലെ അലങ്കാരങ്ങളിലേക്ക് തെറിച്ചു വീഴുകയായിരുന്നു. നിമിഷനേരം കൊണ്ട് പത്തടി ഉയരത്തിൽ തീ പടർന്നു പിടിച്ചു.
പന്തലിന് താഴെയും പരിസരത്തുമായി നിരവധി അതിഥികൾ ഉണ്ടായിരുന്നതിനാൽ വലിയ പരിഭ്രാന്തി പരന്നു. നാട്ടുകാർ ചേർന്ന് വെള്ളമൊഴിച്ചും മറ്റും തീ നിയന്ത്രണവിധേയമാക്കി.

