തിരുവനന്തപുരം: വിദേശ ഫണ്ട് നിയന്ത്രണ നിയമത്തിലെ ഭേദഗതിയുമായി ബന്ധപ്പെട്ട് ക്രൈസ്തവ സഭകൾക്ക് യാതൊരുവിധ ആശങ്കയും വേണ്ടെന്ന് കിരൺ റിജിജു. നിയമപരമായ രീതിയിൽ പ്രവർത്തിക്കുന്ന മിഷണറിമാരെയോ സംഘടനകളെയോ പുതിയ പരിഷ്കാരങ്ങൾ ദോഷകരമായി ബാധിക്കില്ലെന്ന് അദ്ദേഹം ഉറപ്പുനൽകി.(FCRA Amendment, Kiren Rijiju says Christian missionaries need not worry)
അനധികൃതമായ വിദേശ ഫണ്ടിംഗ് തടയുന്നതിനും നിയമത്തിലെ പിഴവുകൾ പരിഹരിക്കാനുമാണ് പുതിയ മാറ്റങ്ങൾ കൊണ്ടുവന്നതെന്ന് മന്ത്രി വിശദീകരിച്ചു. ഇത് ഏതെങ്കിലും പ്രത്യേക വിഭാഗത്തെയോ സമുദായത്തെയോ ലക്ഷ്യം വെച്ചുള്ളതല്ല, മറിച്ച് എല്ലാവർക്കും ഒരുപോലെ ബാധകമായ പൊതു നിയമമാണ്. ഇന്ത്യയിലേക്ക് എത്തുന്ന വിദേശ ഫണ്ടുകൾ ജനക്ഷേമത്തിനായി ഉപയോഗിക്കണം. എന്നാൽ തീവ്രവാദ പ്രവർത്തനങ്ങൾക്കോ രാജ്യതാൽപ്പര്യത്തിന് വിരുദ്ധമായ നീക്കങ്ങൾക്കോ ഈ പണം ഉപയോഗിക്കുന്നത് തടയുക മാത്രമാണ് സർക്കാരിന്റെ ലക്ഷ്യം.
നിയമഭേദഗതിയെക്കുറിച്ച് കോൺഗ്രസും സിപിഎമ്മും കേരളത്തിൽ നുണപ്രചാരണം നടത്തുകയാണെന്ന് റിജിജു ആരോപിച്ചു. കോൺഗ്രസും കമ്മ്യൂണിസ്റ്റുകാരും ചേർന്ന് പാവപ്പെട്ട ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് കാണുമ്പോൾ വിഷമമുണ്ട്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പഴയ രാഷ്ട്രീയ തന്ത്രമാണിത്, അദ്ദേഹം പറഞ്ഞു. മോദി സർക്കാർ ക്രൈസ്തവ മിഷണറിമാരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുമെന്നും അവർക്കാവശ്യമായ പിന്തുണ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ വിവിധ സഭകളിൽ നിന്നും പുരോഹിതന്മാരിൽ നിന്നും ഭേദഗതിക്കെതിരെ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ ഈ പ്രതികരണം.

