തിരുവനന്തപുരം: വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതിയിൽ (FCRA) ക്രൈസ്തവ സഭകൾ ഉയർത്തിയ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് അനുനയ നീക്കവുമായി ബിജെപി. സഭാ അധ്യക്ഷന്മാരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി അവരുടെ അഭിപ്രായങ്ങൾ തേടാൻ ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തിന് നിർദ്ദേശം നൽകി. (FCRA Amendment, BJP to talk to Christian missionaries )
നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ സഭകളുടെ പിന്തുണ നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് പാർട്ടി ഈ നീക്കം നടത്തുന്നത്. പാർലമെന്റിൽ ബില്ല് അവതരിപ്പിക്കുന്നത് താൽക്കാലികമായി മാറ്റിവെച്ചത് സഭകളെ വിശ്വാസത്തിലെടുക്കാനാണെന്ന് ബിജെപി അവകാശപ്പെടുമ്പോഴും, തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ ബില്ല് കൊണ്ടുവരുമോ എന്ന സംശയം സഭകൾക്കിടയിലുണ്ട്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തിയ കേന്ദ്ര മന്ത്രി കിരൺ റിജിജു ഇന്നലെ സഭാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിശദമായ ചർച്ചകൾക്ക് ശേഷം മാത്രമേ ബില്ല് പാസാക്കൂ എന്ന് അദ്ദേഹം ഉറപ്പുനൽകി.

