Tuesday, February 10, 2026
HomeKerala'കണക്കിൽ വീഴ്ചയില്ല, 412 ഗ്രാം സ്വർണം അധികമായി ലഭിച്ചു, അറസ്റ്റിനെ ഭയമില്ല':...

‘കണക്കിൽ വീഴ്ചയില്ല, 412 ഗ്രാം സ്വർണം അധികമായി ലഭിച്ചു, അറസ്റ്റിനെ ഭയമില്ല’: ശബരിമല കൊടിമര പുനർനിർമ്മാണത്തിൽ അജയ് തറയിൽ | Sabarimala

എറണാകുളം: ശബരിമല കൊടിമര നിർമ്മാണവുമായി ബന്ധപ്പെട്ട സ്വർണ്ണക്കവർച്ചാ വിവാദങ്ങളിൽ മറുപടിയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം അജയ് തറയിൽ. ഭക്തരിൽ നിന്ന് സ്വീകരിച്ച സ്വർണ്ണത്തിന്റെ കണക്കുകളിൽ യാതൊരു വീഴ്ചയുമില്ലെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.(Does not fear investigation, Ajay Tharayil on the reconstruction of the Sabarimala flagpole)

കണക്കിലുപരി 412 ഗ്രാം സ്വർണ്ണം അധിക സംഭാവനയായി ലഭിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.ശബരിമലയിലെ അറ്റകുറ്റപ്പണികളും നിർമ്മാണ പ്രവർത്തനങ്ങളും നടത്തിയത് ഹൈക്കോടതിയുടെ കൃത്യമായ നിർദ്ദേശപ്രകാരമാണ്. ഇതിൽ നിയമവിരുദ്ധമായി ഒന്നും സംഭവിച്ചിട്ടില്ല.

തന്നെയും ചോദ്യം ചെയ്യുമെന്ന് ഒരു പ്രമുഖ സിപിഎം നേതാവ് മുൻകൂട്ടി മുന്നറിയിപ്പ് നൽകിയിരുന്നു. അറസ്റ്റിനെ ഭയക്കുന്നില്ലെന്നും, രാഷ്ട്രീയമായ നീക്കങ്ങളെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നടൻ ജയറാമിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളിലും ബന്ധങ്ങളിലും വ്യക്തത തേടുന്നതിനായി അടുത്ത ചൊവ്വാഴ്ച കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. നേരത്തെ പ്രത്യേക അന്വേഷണസംഘം ജയറാമിനെ ചോദ്യം ചെയ്തിരുന്നുവെങ്കിലും, സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് കൂടുതൽ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ ഇഡി ഇടപെട്ടിരിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയും ജയറാമും ചേർന്ന് പൂജ നടത്തുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ക്ഷേത്രത്തിലെ ദ്വാരപാലക ശില്പങ്ങൾ ജയറാമിന്റെ വീട്ടിലെത്തിച്ച് പൂജ നടത്തിയതിനെക്കുറിച്ച് ഇഡി വിശദീകരണം തേടും.

വീട്ടിൽ പൂജ നടത്തിയാൽ ഐശ്വര്യം വരുമെന്ന പോറ്റിയുടെ വാക്കുകൾ വിശ്വസിച്ചാണ് പൂജയ്ക്ക് സമ്മതിച്ചതെന്നാണ് ജയറാം നേരത്തെ നൽകിയ മൊഴി. എന്നാൽ പോറ്റിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് തനിക്ക് അറിവില്ലെന്നും ജയറാം വ്യക്തമാക്കിയിരുന്നു. താൻ ശബരിമലയിൽ വെച്ചാണ് പോറ്റിയെ പരിചയപ്പെട്ടതെന്നാണ് ജയറാം എസ്ഐടിക്ക് നൽകിയിരുന്ന വിശദീകരണം.

ശബരിമലയിലെ കൊടിമര പുനർനിർമ്മാണത്തിൽ നടന്ന ക്രമക്കേടുകൾ അന്വേഷിക്കാനുള്ള പ്രത്യേക വിജിലൻസ് സംഘത്തെ ഇന്ന് പ്രഖ്യാപിക്കും. എസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. വിജിലൻസ് മേധാവി നേരിട്ട് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. 2017-ൽ കൊടിമരത്തിനായി ശേഖരിച്ച സ്വർണ്ണത്തിന്റെ വിനിയോഗത്തിൽ ക്രമക്കേട് നടന്നതായി ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. കുറ്റക്കാർക്കെതിരെ കേസെടുത്ത് തുടർനടപടികൾ സ്വീകരിക്കാൻ കോടതി വിജിലൻസിന് അനുമതി നൽകിയിട്ടുണ്ട്. നിലവിൽ സ്വർണ്ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെയും ദേവസ്വം വിജിലൻസിന്റെയും പക്കലുള്ള രേഖകൾ സംസ്ഥാന വിജിലൻസ് ഏറ്റെടുക്കും. സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ ശബരിമല തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷയിൽ പ്രോസിക്യൂഷൻ വാദം ഇന്ന് കൊല്ലം വിജിലൻസ് കോടതിയിൽ നടക്കും. തന്ത്രിക്ക് ആചാരപരമായ കാര്യങ്ങളിൽ മാത്രമാണ് ചുമതലയുള്ളതെന്നും സ്വർണ്ണവുമായി ബന്ധപ്പെട്ട സാമ്പത്തിക കാര്യങ്ങളിൽ പങ്കില്ലെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം.

എന്നാൽ സ്വർണ്ണക്കവർച്ചയുടെ ഗൂഢാലോചനയിൽ തന്ത്രിക്ക് വ്യക്തമായ പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ദേവസ്വം മുൻ കമ്മീഷണർ എൻ. വാസുവിന്റെ ജാമ്യഹർജിയും കോടതി ഇന്ന് പരിഗണിക്കും. റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് അദ്ദേഹം ജാമ്യം തേടിയിരിക്കുന്നത്. ഗോവർദ്ധന്റെ ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതി പരിഗണിക്കും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.