ആലപ്പുഴ: മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി. സുധാകരൻ പാർട്ടി വിടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺകുമാർ. പുന്നപ്ര വിപ്ലവ മണ്ണാണെന്നും ജനങ്ങൾ ഈ തീരുമാനത്തോട് വൈകാരികമായിട്ടായിരിക്കും പ്രതികരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ( Didn’t think G Sudhakaran would leave the party, VA Arun Kumar responds)
ജി. സുധാകരനുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കണമെന്നും, സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് നടന്നിരിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുന്നപ്രയിലെ ഓരോ കുടുംബവും പ്രസ്ഥാനവുമായി ആഴത്തിൽ ബന്ധമുള്ളവരാണ്. ഈ നാട്ടിലെ ജനങ്ങൾക്ക് പ്രസ്ഥാനമാണ് പ്രഥമ പരിഗണന. താനും ഒരു പാർട്ടി കുടുംബാംഗമാണെന്നും പാർട്ടിയുടെ നിലപാടിനൊപ്പമാണ് താൻ നിൽക്കുന്നതെന്നും അരുൺകുമാർ വ്യക്തമാക്കി.
പാർട്ടിയിലേക്ക് തിരികെ വരുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടത് ജി. സുധാകരൻ തന്നെയാണ്. പരാതികളും പ്രശ്നങ്ങളും പാർട്ടിക്കുള്ളിലായിരുന്നു ഉന്നയിക്കേണ്ടിയിരുന്നത്. സി.പി.ഐ.എമ്മിന്റെ കോട്ടയായ ആലപ്പുഴയിൽ സുധാകരനെപ്പോലൊരു നേതാവിന്റെ വിടവാങ്ങൽ സൃഷ്ടിച്ച പ്രത്യാഘാതങ്ങൾ ചർച്ചയാകുന്നതിനിടെയാണ് വി.എസിന്റെ മകന്റെ ഈ പ്രതികരണം പുറത്തുവരുന്നത്.

